ലോക്കോ പൈലറ്റുമാരുടെ 
ഇടപെടലിൽ രക്ഷപ്പെട്ടത്‌ 2 ജീവൻ



തിരുവനന്തപുരം ട്രെയിനിന്റെ മുന്നിൽപ്പെട്ട രണ്ടുപേരുടെ ജീവൻ രക്ഷിച്ച്‌ ലോക്കോ പൈലറ്റുമാർ. ജില്ലയിലുണ്ടായ വ്യത്യസ്‌ത സംഭവങ്ങളിലാണിത്‌. പാറശാലയിൽ ട്രെയിൻ വരുന്നത്​ ശ്ര​ദ്ധിക്കാതെ പാളത്തിലൂടെ നടന്നയാളെയും തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ ട്രെയിനിന്‌ തലവയ്‌ക്കാൻ ശ്രമിച്ചയാളെയുമാണ്‌ രക്ഷപ്പെടുത്തിയത്‌.  തിങ്കൾ വൈ​കിട്ട്‌ കന്യാകുമാരി–-- പുനലൂർ ട്രെയിൻ പാറശാല സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു. നെടുവാൻവിള സ്വദേശിയായ സരോജനനാ (62)ണ് അപകടത്തിൽപ്പെട്ടത്.     പാളത്തിലൂടെ ഇദ്ദേഹം നടക്കുന്നതു​ കണ്ട്​ ലോക്കോ പൈലറ്റ്​ പലവട്ടം ഹോൺ മുഴക്കി. എന്നാൽ, സരോജനൻ ശ്രദ്ധിച്ചില്ല. തുടർന്ന്‌ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തി. എങ്കിലും ട്രെയിനിനു മുന്നിലെ ഗാർഡ്‌ ആളിന്റെ ദേഹത്ത്‌ തട്ടി. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ മുന്നിലെ ഗ്രില്ലിൽ കുടുങ്ങി.  ലോക്കോ പൈലറ്റും നാട്ടുകാരും യാത്രക്കാരും ചേർന്നാണ്​ ആളെ പുറത്തെത്തിച്ചത്​. ഇയാളെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ചൊവ്വ രാവിലെ ഒമ്പതിന്‌ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ പുണെ– -കന്യാകുമാരി എക്‌സ്‌പ്രസിനു മുന്നിലാണ്‌ നാൽപ്പത്തഞ്ചുകാരൻ തലവച്ചത്‌. യാത്രക്കാർ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്‌ ആർപിഎഫും യാത്രക്കാരും ചേർന്ന്‌ ഇയാളെ മാറ്റി. മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ ബന്ധുക്കളെത്തി പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News