പുറത്തുചാടിയ ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണം തുറന്നകൂട്ടിൽ



തിരുവനന്തപുരം   മൃഗശാലയിലെ തുറന്നകൂട്ടിൽനിന്ന്‌ പുറത്തുചാടിയ മൂന്ന്‌ പെൺ ഹനുമാൻകുരങ്ങുകളിൽ രണ്ടെണ്ണത്തിനെ പിടികൂടി. കുരങ്ങുകൾ കഴിഞ്ഞിരുന്ന മരത്തിനുകീഴെ അധികൃതർ ഭക്ഷണം വച്ചിരുന്നു. ചൊവ്വ വൈകിട്ട്‌ നാലോടെ ഇത്‌ കഴിക്കാനായി ഇറങ്ങിയപ്പോഴാണ്‌ ഒന്നിനെ പിടികൂടിയത്‌. മറ്റൊന്നിനെ കീപ്പർ മരത്തിൽ കയറിയും പിടികൂടി. ഉയരമുള്ള കൊമ്പിൽ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്‌ മൂന്നാമത്തേത്‌. രണ്ടുദിവസം മൃഗശാല അവധി ആയതിനാൽ ആൾത്തിരക്കും ബഹളവും ഇല്ലാതിരുന്നതാണ്‌ ഗുണകരമായത്‌. അതിനാൽ കുരങ്ങുകൾ പുറത്തേക്ക്‌ പോകാതെ മൃഗശാലവളപ്പിൽത്തന്നെ കഴിഞ്ഞു. മൂന്നാമത്തെ കുരങ്ങും തനിയെ ഇറങ്ങിവരുമെന്നാണ് അധികൃതർ പറയുന്നത്‌. താഴെ കൊമ്പിലേക്ക്‌ ഇറങ്ങിയാൽ കയറി പിടികൂടാനും കീപ്പർമാർ സജ്ജരാണ്‌. തുറന്നകൂട്ടിൽ തന്നെയാണ്‌ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്‌. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് കൊണ്ടുവന്ന രണ്ട്‌ കുരങ്ങും ഹരിയാനയിലെ റോത്തക്ക് മൃഗശാലയിൽനിന്ന് എത്തിച്ച ഒരു കുരങ്ങുമാണ്‌ തിങ്കളാഴ്‌ച പുറത്തുചാടിയത്‌. Read on deshabhimani.com

Related News