കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ പുതുലുക്കില്‍ ഭഗത്‌സിങ് പാര്‍ക്ക്
ചാല കുട്ടികൾക്കും മുതിർന്നവർക്ക് ഒരുപോലെ സമയം ചെലവഴിക്കാൻ ഇടമായി പൂജപ്പുര ഭഗത്‌സിങ് പാർക്കിനെ സജ്ജീകരിച്ച് കോർപറേഷൻ. കുട്ടികൾക്ക് കളിക്കാൻ ഉപകരണങ്ങൾ സ്ഥാപിച്ചതിനൊപ്പം പാർക്കിലെ തറയോട് പൂർണമായും മാറ്റി പകരം കല്ലുകൾ വിരിച്ച് മനോഹരമാക്കി. കുട്ടികൾക്കൊപ്പം എത്തുന്നവർക്ക് വിശ്രമിക്കാനുള്ള ഇടമില്ലെന്ന പരാതിയും ഒഴിവാക്കിയാണ് പാർക്കിന്റെ നവീകരണം. പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ പ്രത്യേക ഇരിപ്പിടവും ടോയ്-ലറ്റ്, കഫറ്റേരീയ എന്നിവയുമുണ്ട്. തൊട്ടടുത്ത ഗ്രൗണ്ടിൽനിന്ന് പന്തുകൾ പാർക്കിലേക്ക് വീഴുന്ന സാഹചര്യം ഒഴിവാക്കാൻ പാർക്കിന് ചുറ്റും ഫെൻസിങ്ങും ഉപയോഗിച്ച് മൂടിയിട്ടുണ്ട്. ചുറ്റും ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കാലപ്പഴക്കം കാരണം കളിയുപകരണങ്ങൾ നശിച്ചതോടെയാണ് പാർക്കിന്റെ നവീകരണം കോർപറേഷൻ ആരംഭിച്ചത്. വികസന ഫണ്ടിലെ 50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. നൂതനരീതിയിൽ പണികഴിപ്പിച്ച കഫറ്റേരീയയുടെ ലേലനടപടികളും ഉടൻ ആരംഭിക്കും. നവീകരിച്ച പൂജപ്പുര ഭഗത്‌സിങ് പാർക്കിന്റെ ഉദ്ഘാടനം ബുധനാഴ്ച മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാജു, സ്ഥിരംസമിതി അധ്യക്ഷരായ മേടയിൽ വിക്രമൻ, സുജാ ദേവി, ഷാജിതാ നാസർ, സുരകുമാരി, കൗൺസിലർ വി വി രാജേഷ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com