വിവാദങ്ങൾക്കിതാ മംഗലപുരത്തിന്റെ മറുപടി
തിരുവനന്തപുരം അപവാദ പ്രചാരണങ്ങൾക്കും വ്യക്തിതാൽപ്പര്യങ്ങളാൽ സൃഷ്‌ടിക്കപ്പെട്ട വിവാദങ്ങൾക്കും മറുപടി നൽകി നൂറുകണക്കിനുപേർ അണിനിരന്ന പ്രകടനത്തോടെ സിപിഐ എം മംഗലപുരം ഏരിയ സമ്മേളനത്തിന് സമാപനം. റെഡ് വളന്റിയർ മാർച്ചും ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രകടനവും പോത്തൻകോട് ജങ്‌ഷനെ ചുവപ്പണിയിച്ചു. കരൂരിൽനിന്ന് ആരംഭിച്ച ചുവപ്പ് സേനയുടെ പരേഡിൽ കുട്ടികളും സ്ത്രീകളും യുവാക്കളും മുതിർന്നവരും അടക്കം പങ്കെടുത്തു. തിങ്കൾ വൈകിട്ട് 5.30ഓടെ പ്രകടനങ്ങൾ പൊതുസമ്മേളന വേദിയിലേക്കെത്തി. ചെണ്ടമേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെയാണ് പ്രകടനമെത്തിയത്. പുതിയ ഏരിയ നേതൃത്വത്തിന് അഭിവാദ്യം അർപ്പിച്ച് പൊതുസമ്മേളന സദസ്സിൽ നിന്നുയർന്ന കൈയടിയും വ്യാജപ്രചാരണങ്ങൾക്കുള്ള മംഗലപുരത്തിന്റെ മറുപടിയായി. അക്ഷരാർഥത്തിൽ പോത്തൻകോടിനെ ചെങ്കടലാക്കിയാണ് സിപിഐ എം മംഗലപുരം ഏരിയ സമ്മേളനം സമാപിച്ചത്. സിപിഐ എമ്മിനെയും ജില്ലാ സെക്രട്ടറിയെയും ഇല്ലാക്കഥ പറഞ്ഞ് തകർക്കാമെന്ന ധാരണ ആർക്കും വേണ്ടായെന്ന് ഏരിയ സെക്രട്ടറി എം ജലീൽ പറഞ്ഞു. Read on deshabhimani.com