പിതൃതര്‍പ്പണത്തില്‍ പങ്കെടുത്ത് ലക്ഷങ്ങൾ

വർക്കല പാപനാശം തീരത്ത് ബലിതർപ്പണത്തിനെത്തിയവർ


തിരുവനന്തപുരം പിതൃക്കളുടെ ഓർമയിൽ ലക്ഷക്കണക്കിനുപേർ ശനിയാഴ്ച ബലിയിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ പിതൃതർപ്പണത്തിനായി എത്തിയത് ലക്ഷക്കണക്കിന് പേരാണ്‌.  പ്രധാന കേന്ദ്രങ്ങളായ തിരുവല്ലത്ത് 25,000 പേരും വർക്കലയിൽ 40,000 പേരും തിരുമുല്ലാവാരത്ത് 75,000 പേരും ശംഖുംമുഖത്ത് 7000 പേരും കഠിനംകുളത്ത് 5000 പേരും ആലുവയിൽ 10,000 പേരും തർപ്പണം നടത്തി.   ദേവസ്വം ബോർഡിനുകീഴിൽ 40 കേന്ദ്രത്തിൽ ചടങ്ങുകൾ നടന്നു. ശനി അർധരാത്രി മുതൽ തന്നെ വലിയ തിരക്കാണ് എല്ലാ കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. വിശ്വാസികൾക്കയി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. അഗ്നിരക്ഷാസേനയുടെയും സ്‌കൂബാ ടീമിന്റെയും സേവനം എല്ലായിടങ്ങളിലും ഉറപ്പാക്കി. പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.  കുറ്റിയാണിക്കാട്‌, പൊഴിയല്ലൂർ ക്ഷേത്രങ്ങൾ, പേരൂർക്കട കുടപ്പനക്കുന്ന് കുശവർക്കൽ ദേവീക്ഷേത്രം, തുമ്പ ആറാട്ടുവഴി കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, കഠിനംകുളം മഹാദേവക്ഷേത്രം, തൃക്കുളങ്ങര വിഷ്ണുക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, വേളി പൊഴിക്കര ഗണപതിക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ ആയിരങ്ങൾ ബലിയിട്ടു. പാപനാശത്തും 
പതിനായിരങ്ങൾ വർക്കല പാപനാശം കടൽത്തീരത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. മഴ മാറിനിന്നതും കടൽക്ഷോഭം രൂക്ഷമാകാതിരുന്നതും ആശ്വാസമായി. ശക്തമായ സുരക്ഷകളോടെയാണ് ചടങ്ങുകൾ നടത്തിയത്.  ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി പേരെത്തി. ജനങ്ങളെ കടലിലേക്ക്‌ ഇറക്കുന്നതിന് ഫയർഫോഴ്സും ലൈഫ് ഗാർഡും നേതൃത്വം നൽകി. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. നഗരസഭ ഹരിതകർമസേന, എൻഎസ്എസ്, എസ്പിസി വിഭാഗങ്ങളിൽനിന്ന്‌ വളന്റിയർമാരെ നിയോഗിച്ചിരുന്നു. 5000 വാഹനം പാർക്ക് ചെയ്യുന്നതിന് നഗരസഭയുടെയും ദേവസ്വം ബോർഡിന്റെയും സഹായത്തോടെ സൗകര്യവും ക്ഷേത്രക്കുളത്തിന് സമീപമായി 30 താൽക്കാലിക  ശൗചാലയവും ഒരുക്കി. പാപനാശം, ഹെലിപാഡ്, മൈതാനം, ക്ഷേത്രം റോഡ് തുടങ്ങിയ റോഡുകളിലെ തെരുവുവിളക്കുകളും പ്രവർത്തിപ്പിച്ചു. കുടിവെള്ളത്തിനായി 15 സ്ഥലത്ത്‌ സൗകര്യമൊരുക്കി.  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റുകൾ എക്സൈസിന്റെയും ഫയർ ആൻഡ് റെസ്ക്യുവിന്റെയും   നേതൃത്വത്തിൽ പ്രവർത്തിച്ചു.  ആരോഗ്യവകുപ്പ് മൂന്ന്‌ കേന്ദ്രത്തിൽ സൗകര്യങ്ങളൊരുക്കി. പുനലൂർ, കുണ്ടറ, ചടയമംഗലം, ചാത്തന്നൂർ ഭാഗങ്ങളിൽനിന്ന് 100 കെഎസ്ആർടിസി ബസ്‌ പ്രത്യേക സർവീസ് നടത്തി. വി ജോയി എംഎൽഎ, നഗരസഭാ ചെയർമാൻ കെ എം ലാജി, റൂറൽ എസ്‌‌പി കിരൺ നാരായൺ തുടങ്ങിയവർ മുഴുവൻ സമയവും സ്ഥലത്തുണ്ടായി. Read on deshabhimani.com

Related News