ഡിസിസി നേതൃത്വത്തിനെതിരെ 
പടയൊരുക്കം



തിരുവനന്തപുരം എട്ട്‌ തദ്ദേശവാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടിയ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ മുറവിളി ഉയരുന്നു. കൈവശമുണ്ടായിരുന്ന സീറ്റുകളെല്ലാം നഷ്ടമായത്‌ ഡിസി സി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന വിമർശനമാണ്‌ ഉയരുന്നത്‌. ജില്ലാ പഞ്ചായത്ത്‌ ഡിവിഷനും പഞ്ചായത്ത്‌ വാർഡുകളുമടക്കം നാലെണ്ണമാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവിയുടെ ജന്മനാടായ പെരിങ്ങമലയിൽ പോലും കോൺഗ്രസ്‌ തകർന്നടിഞ്ഞു. മൂന്നു വാർഡുകളാണ്‌ ഇവിടെ എൽഡിഎഫ്‌ തിരികെ പിടിച്ചത്‌. കരവാരം പഞ്ചായത്തിൽ യുഡിഎഫ്‌ സ്ഥാനാർഥി മൂന്നാമതായതും ക്ഷീണമായി. ഡിസിസി പ്രസിഡന്റടക്കം നേതൃത്വത്തിൽനിന്ന്‌ മാറാതെ മറ്റ്‌ മാർഗമില്ലെന്നാണ്‌ കോൺഗ്രസ്‌ വാദം. നേരത്തെ പെരിങ്ങമലയിൽ കോൺഗ്രസിൽനിന്ന്‌ കൂട്ടരാജിയുണ്ടായപ്പോൾ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിവയ്ക്കുന്നതായി ഡിസിസി പ്രസിഡന്റ്‌ പ്രഖ്യാപിക്കുകയും പിന്നീട്‌ പിൻവലിക്കുകയും ചെയ്‌തിരുന്നു. അണികളുടെ കണ്ണിൽപ്പൊടിയിടാനുള്ള നാടകം മാത്രമാണ്‌ പാലോട്‌ രവി അന്ന്‌ നടത്തിയത്‌. ഇത്‌ ഇനി നടപ്പില്ലെന്നാണ്‌ കോൺഗ്രസ്‌ ക്യാമ്പിലെ സംസാരം. പാലോട്‌ രവിയും അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ഒരു വിഭാഗം നേതാക്കളുമാണ്‌ ജില്ലയിലെ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്‌. ഇവർക്കെതിരെ പല ഘട്ടത്തിലും പരാതി ഉയർന്നിട്ടും നടപടിയെടുക്കാൻ നേതൃത്വം തയ്യാറാകാത്തതാണ്‌ തോൽവികളിൽനിന്ന്‌ തോൽവിയിലേക്ക്‌ പോകാൻ കാരണമാകുന്നതെന്നാണ്‌ വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽനിന്നുള്ള രണ്ട്‌ മണ്ഡലങ്ങളിൽ യുഡിഎഫ്‌ സഥാനാർഥികൾ വിജയിച്ചത്‌ ജില്ലാ, സംസ്ഥാന നേതൃത്വത്തിന്റെ കഴിവില്ലെന്നും ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിച്ചതാണെന്നും ഹൈക്കമാൻഡ്‌ തന്നെ വിലയിരുത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഡിസിസി നേതൃത്വത്തിനെതിരെ സാമ്പത്തിക ആരോപണങ്ങളും ഒരുഭാഗത്ത്‌ ഉയരുന്നുണ്ട്‌. വെള്ളനാട്‌ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ വി ആർ പ്രതാപാണ്‌ മത്സരിച്ചത്‌. ഒരു ലക്ഷം രൂപയാണ്‌ ഡിസിസി തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ നൽകിയത്‌. എന്നാൽ, ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ ഡിസിസി 30 ലക്ഷത്തിലധികം രൂപ പിരിച്ചെടുത്തുവെന്നാണ്‌ കോൺഗ്രസ്‌ ക്യാമ്പിലെ സംസാരം. ഈ പണം തെരഞ്ഞെടുപ്പിന്‌ ഉപയോഗിക്കാതെ എന്തുചെയ്‌തെന്ന്‌ നേതൃത്വം വ്യക്തമാക്കണമെന്നും പ്രവർത്തകർ പറയുന്നു.   Read on deshabhimani.com

Related News