ഒരുവട്ടം കൂടി പഠിക്കാൻ മോഹം

ശ്രീകാര്യം ജിഎച്ച്എസിലെ ഡിജിറ്റൽ ബോർഡിൽ ആലിയയും ശബാനയും എഴുതുന്നത് 
കൗതുകത്തോടെ വീക്ഷിക്കുന്ന വലിയുമ്മ നസിം


തിരുവനന്തപുരം ‘എന്തെല്ലാം സൗകര്യങ്ങളാണ്‌ കുട്ടികൾക്ക്‌, ശരിക്കും സ്വർ​ഗംതന്നെ. ഇതൊക്കെ കാണുമ്പോൾ ഒന്നുകൂടി ഇവിടെവന്ന്‌ പഠിക്കാൻ തോന്നുന്നു.’ – എഴുപത്തിരണ്ടുകാരിയായ നസിം, ശ്രീകാര്യം ജിഎച്ച്എസിലെ സ്‌മാർട് ക്ലാസ്‌ മുറിയിലെ സൗകര്യങ്ങൾകണ്ട്‌ അത്ഭുതപ്പെട്ടു. ഞങ്ങൾ പഠിച്ചപ്പോൾ യാതൊരുവിധ സൗകര്യങ്ങളുമില്ലായിരുന്നു. നല്ല ഡെസ്‌ക്കും ബെഞ്ചും പോലുമില്ല... നസിം സംസാരം തുടർന്നപ്പോൾ ക്ലാസ്‌ മുറിയിലെ ഡിജിറ്റൽ ബോർഡിൽ എഴുതുകയായിരുന്ന പേരക്കുട്ടികളായ ഷബാനയും ആലിയയും അരികിലേക്കെത്തി. വിമൻസ്‌ കോളേജിൽനിന്ന്‌ വിരമിച്ച നസിം പേരക്കുട്ടികൾക്കൊപ്പം സ്‌കൂളിലെ പുതിയ ഹൈടെക്‌ കെട്ടിട സമുച്ചയത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിലെത്തിയതായിരുന്നു. നസിം ഇവിടെ നിന്ന്‌ 1984ൽ ഏഴാം ക്ലാസ്‌ വിജയിച്ചു. ഇപ്പോൾ മകളുടെ മക്കളായ ആലിയ അഞ്ചിലും ഷബാന മൂന്നിലും പഠിക്കുന്നു. 2016ൽ 336 കുട്ടികൾ പഠിച്ചിരുന്ന ശ്രീകാര്യം ജിഎച്ച്എസിൽ ഇപ്പോൾ 505 കുട്ടികളാണ്‌ പ്രീ പ്രൈമറി മുതൽ 10 വരെയുള്ള ക്ലാസുകളിലായി പഠിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഫലമായി സ്‌കൂളിന്റെയും അക്കാദമിക്‌, അടിസ്ഥാന മേഖലകളിൽ വലിയ മുന്നേറ്റമുണ്ടായി.    പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന്‌ 9.50 കോടി രൂപ ചെലവഴിച്ചാണ്‌ പുതിയ കെട്ടിടം നിർമിച്ചത്‌. ക്ലാസ് മുറികളെല്ലാം എസിയാണ്‌. കോർപറേഷൻ സ്‌മാർട്ട് സിറ്റി പദ്ധതി പ്രകാരം 1.01 കോടി രൂപ വിനിയോഗിച്ച് എല്ലാ മുറികളും സ്‌മാർട്ട് ക്ലാസ് മുറികളാക്കി. മൂന്ന് നിലകളിലായി 7,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മന്ദിരത്തിൽ 14 ക്ലാസ്‌ മുറികളുണ്ട്‌. 75 ഇഞ്ച് പ്രൊഫഷണൽ എൽഇഡി മോണിറ്റർ, കംപ്യൂട്ടർ, മൈക്ക്, ഹെഡ്‌ഫോൺ, എക്സിക്യൂട്ടീവ് കസേര, ബാഗ് ട്രേ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ്‌ ഓരോ ക്ലാസ് മുറികളും. ആറ്‌ ലാബ്‌ റൂമുകൾ, ലൈബ്രററി, സ്റ്റാഫ് റൂം, ലിഫ്റ്റ്, എല്ലാ നിലകളിലും ശുചീകരണ മുറികൾ എന്നിവയുമുണ്ട്‌.  Read on deshabhimani.com

Related News