ഗ്രെയ്സിക്ക് അമേരിക്കയിൽനിന്ന് മരുന്ന്

ഗ്രെയ്‌സി


  തിരുവനന്തപുരം  മൃഗശാലയിലെ ആറ്‌ വയസ്സുകാരി ഗ്രെയ്‌സി  ‘സിംഹ’ത്തിന്റെ ചികിത്സയ്ക്ക്‌ അമേരിക്കയിൽനിന്ന് മരുന്ന് എത്തിച്ചു. ക്രോണിക്ക് അറ്റോപിക് ഡെർമറ്റൈറ്റിസ് എന്ന ത്വക്ക്‌ രോഗത്തിനാണ്‌ ചികിത്സ. കാലിനു പിറകിലെ രോമം കൊഴിയുന്നത്‌ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്‌ ജില്ലാ വെറ്ററിനറി കേ ന്ദ്രത്തിലെ ലബോറട്ടറി ഓഫീസർ ഡോ. സി ഹരീഷ്‌ നടത്തിയ പരിശോധനയിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. തുടർന്ന്‌ നടത്തിയ ചികിത്സയിൽ ഫലം കാണാത്തതിനാലാണ്‌ അമേരിക്കൻ നിർമിത മരുന്നായ സെഫോവേസിൻ എന്ന നൂതന ആന്റിബയോട്ടിക് സൊയെറ്റിസ്‌ എന്ന കമ്പനി വഴി തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. ഒരു ഡോസിന് ശരാശരി പതിനയ്യായിരം രൂപ വിലവരുന്ന മരുന്നിന്റെ നാല് ഡോസുകളാണ് എത്തിച്ചത്. പുതിയ ചികിത്സ ആരംഭിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങൾ കുറഞ്ഞു വരുന്നതായി മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു.  തിരുവനന്തപുരം മൃഗശാലയിൽത്തന്നെ ഉണ്ടായിരുന്ന ആയുഷ്, ഐശ്വര്യ എന്നീ സിംഹങ്ങളുടെ കുട്ടിയാണ് ഗ്രെയ്‌സി. ജന്മനാ പിൻകാലുകൾക്ക് സ്വാധീനം കുറവായതിനാൽ പ്രത്യേക പരിചരണം നൽകിയാണ് ഗ്രെയ്‌സിയെ വളർത്തിയെടുത്തത്. രോഗം ഭേദമാകുന്ന മുറയ്ക്ക് ഗ്രെയ്‌സിയെ  ചെന്നൈയിലെ വെണ്ടല്ലൂർ മൃഗശാലയുമായി മൃഗ കൈമാറ്റം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പകരമായി മറ്റൊരു പെൺ സിംഹത്തിനെ വെണ്ടല്ലൂരിൽനിന്ന് എത്തിക്കും. "ബ്ലഡ്‌ ലൈൻ എക്സ്ചേഞ്ച്' എന്ന പ്രക്രിയയിലൂടെ കൂടുതൽ ജനിതക ഗുണമുള്ള കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാനാണ് കൈമാറ്റം ചെയ്യുന്നത്. Read on deshabhimani.com

Related News