മുതലപ്പൊഴിയിലും വിഴിഞ്ഞത്തും വള്ളം അപകടത്തിൽപ്പെട്ടു

മുതലപ്പൊഴിയിൽ മണൽ തിട്ടയിൽ കുടുങ്ങി അപകടത്തിലായ വള്ളം


ചിറയിൻകീഴ്  മുതലപ്പൊഴിയിൽ വള്ളം മണ്ണിൽ കുടുങ്ങി കടലിൽ വീണ തൊഴിലാളികളെ രക്ഷപ്പെടുത്തി. താഴമ്പള്ളി സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഔസേഫ് പിതാവെന്ന താങ്ങുവള്ളമാണ് ചൊവ്വ രാവിലെ 10.30ന്‌ അപകടത്തിൽപ്പെട്ടത്.  മീൻപിടിച്ചു കഴിഞ്ഞ് ഹാർബറിലേക്ക് മടങ്ങവെ ശക്തമായ തിരയിൽപ്പെട്ട് അഴിമുഖ ചാനലിലെ മണൽത്തിട്ടയിൽ കുടുങ്ങി നിയന്ത്രണം നഷ്ടമായി. വലതുഭാഗത്തേക്ക്‌ ചരിഞ്ഞ വള്ളത്തിൽനിന്ന് രണ്ട് തൊഴിലാളികൾ വെള്ളത്തിലേക്ക് വീണു. ഇവരെ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ രക്ഷാ ഗാർഡുകൾ രക്ഷപ്പെടുത്തി. ഇരുപതിലധികം തൊഴിലാളികൾ  വള്ളത്തിലുണ്ടായിരുന്നു. മറ്റൊരു വള്ളമുപയോഗിച്ച് അപകടത്തിൽപ്പെട്ട വള്ളം കരയ്ക്കെത്തിച്ചു. മുതലപ്പൊഴി കവാടത്തിൽ അടിയുന്ന മണൽ മത്സ്യബന്ധന വള്ളങ്ങൾ കടന്നുപോകുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌.  കോവളം  തകർന്ന വള്ളത്തിൽനിന്ന്‌  മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വിഴിഞ്ഞത്തുനിന്ന്‌ ആറ്‌ നോട്ടിക്കൽ മൈൽ ഉള്ളിലായാണ്‌  അപകടം. വെള്ളം കയറിയതിനെത്തുടർന്നാണ്‌  അപകടം.  വള്ളം കയർ കെട്ടി വിഴിഞ്ഞം മൗത്തിനെ സമീപം എത്തിച്ചപ്പോൾ കയർപൊട്ടി പലക ഇളകിപ്പോയി. തുടർന്ന്  വള്ളം ഉപേക്ഷിച്ച്‌  വലയും യന്ത്രസാമഗ്രികളും വീണ്ടെടുത്തു. വള്ളത്തിലുണ്ടായിരുന്ന ഉടമ  ഹൃദയദാസൻ, തൊഴിലാളികളായ ആന്റണി (49), ലാലു (24), സേവിയർ (32), ഫയാസ് (40) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. യൂജിൻ, ബനാൻഷ്യസ്, ശശി, സുരേഷ്, അനീഷ് എന്നിവർ അടങ്ങുന്ന ലൈഫ് ഗാർഡ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. Read on deshabhimani.com

Related News