എന്ന്‌ തുറക്കും മുതലപ്പൊഴി ബീച്ച്

അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കിയ മുതലപ്പൊഴി ബീച്ച്


ചിറയിൻകീഴ്  നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും മുതലപ്പൊഴി ബീച്ചിന്റെ ഉദ്ഘാടനം നീളുന്നു. ടൂറിസം വികസനത്തിന്റെ ഭാഗമായി ബീച്ച് നിർമാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ടൂറിസംവകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപയിലാണ്‌ പദ്ധതി പൂർത്തിയാക്കിയത്. 2020ലാണ് നിർമാണം ആരംഭിച്ചത്. ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ മേൽനോട്ടത്തിൽ ഡീക്കൺസ് സൊസൈറ്റിക്കായിരുന്നു ചുമതല. കുട്ടികൾക്കുള്ള കളിസ്ഥലം, കഫ്റ്റീരിയ, ഓപ്പൺ ഓഡിറ്റോറിയം, ടിക്കറ്റ് കൗണ്ടർ, ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ തുടങ്ങിയവ പൂർത്തിയാക്കി. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങാതെയാണ് നിർമാണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ പഞ്ചായത്തിൽനിന്ന്‌ കെട്ടിട നമ്പർ ലഭിക്കാത്തതാണ് ഉദ്ഘാടനത്തിന് തടസ്സമായത്. സിആർഇസഡിൽനിന്ന് അനുമതി വാങ്ങി നമ്പർ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എം എ വാഹീദ് പറഞ്ഞു.    ബീച്ചിനായി കണ്ടെത്തിയ സ്ഥലം വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറ കൊണ്ടുപോകാൻ അദാനി ഗ്രൂപ്പിന് വാർഫ് നിർമിക്കാൻ വിട്ടുനൽകിയിരുന്നു. ഇതോടെ സമീപത്തായി മറ്റൊരു സ്ഥലം കണ്ടെത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് മുതലപ്പൊഴിയിലെത്തുന്ന സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നതോടെ അഞ്ചുതെങ്ങ്–- പെരുമാതുറ തീരദേശ മേഖലയുടെ വികസനത്തിന് സാധ്യതയേറും. Read on deshabhimani.com

Related News