ദുരിതത്തിന്‌ പരിഹാരം അകലെ അല്ല



  തിരുവനന്തപുരം  നേമം തിരുവനന്തപുരം സൗത്തും കൊച്ചുവേളി തിരുവനന്തപുരം നോർത്തുമായി മാറുന്നതോടെ ഈ സ്റ്റേഷനുകളിൽ കൂടുതൽ വികസനം നടത്താൻ റെയിൽവേ നിർബന്ധിതമാകും. തിരുവനന്തപുരം സെൻട്രലിന്റെ ഉപഗ്രഹടെർമിനലുകളായി ഇവ മാറ്റുമെന്നായിരുന്നു അധികൃതരുടെ വാഗ്‌ദാനം. എന്നാൽ അവ യാഥാർഥ്യമായില്ല. കൊച്ചുവേളിയിൽനിന്ന്‌ 30 ട്രെയിൻ ഓപ്പറേറ്റ്‌ ചെയ്യുന്നുണ്ടെങ്കിലും മൂന്ന്‌ ട്രെയിനാണ്‌ പ്രതിദിനമുള്ളത്‌.  കൊച്ചുവേളി–-നിലമ്പൂർ രാജ്യറാണി, കൊച്ചുവേളി–-നാഗർകോവിൽ പാസഞ്ചർ, കൊച്ചുവേളി–-മൈസൂരു എക്‌സ്‌പ്രസ്‌ എന്നിവയാണ്‌ അവ. ഇതിൽ രാജ്യറാണി തന്നെയാണ്‌ കൊച്ചുവേളിയിൽനിന്ന്‌ പാസഞ്ചറായി നാഗർകോവിലിലേക്കും തിരിച്ചും സർവീസ്‌ നടത്തുന്നത്‌. മറ്റുള്ളവ പ്രതിവാര ട്രെയിനുകളും. ഇവയെല്ലാം ദീർഘദൂര സർവീസുകളാണ്‌. കൊച്ചുവേളിയിലെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചാൽ പത്തോളം ട്രെയിനുകൾ കൂടുതലായി ഓപ്പറേറ്റ്‌ ചെയ്യാനാകും. ആറ്‌ പ്ലാറ്റ്‌ഫോം ഇവിടുണ്ട്‌. രണ്ടാംഘട്ട വികസനം നടന്നപ്പോൾ വന്ദേഭാരത്‌ എക്‌സ്‌പ്രസിന്റെ അറ്റകുറ്റപ്പണികൾക്കായി പിറ്റ്‌ലൈൻ വൈദ്യുതീകരിച്ചിരുന്നു. മൂന്നാംഘട്ട വികസനം നടക്കുമ്പോൾ അധികമായി പിറ്റ്‌ലൈനുകളും സ്റ്റേബ്ലിങ്‌ ലൈനുകളും സ്ഥാപിക്കുമെന്ന്‌ അധികൃതർ പറഞ്ഞു.  മാലിന്യസംസ്‌കരണ പ്ലാന്റും മലിനജല ശുദ്ധീകരണപ്ലാന്റും നിർമിക്കും.10 ട്രെയിനുകളാണ്‌ നിലവിൽ നേമത്ത്‌ നിർത്തുന്നത്‌. തിരുവനന്തപുരം സെൻട്രൽ–-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ പ്രവൃത്തി പുരോഗമിക്കുകയാണ്‌. ഇത്‌ പൂർത്തിയാകുമ്പോൾ കൂടുതൽ വരും. പിറ്റ്‌ലൈനും സ്റ്റേബ്ലിങ്‌ ലൈനുകളും സ്ഥാപിക്കുമ്പോൾ ട്രെയിനുകൾ ഓപ്പറേറ്റ്‌ ചെയ്യുന്ന സ്റ്റേഷനായി മാറും. ടെർമിനൽ പദ്ധതിയുടെ ഡിപിആറിന്‌ അംഗീകാരം ലഭിച്ചിട്ടില്ല.  പ്ലാറ്റ്‌ഫോം ഒഴിവില്ലാത്തതിനാൽ മിക്കപ്പോഴും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്കുള്ള ട്രെയിനുകൾ ഔട്ടറിൽ പിടിച്ചിടുന്ന സ്ഥിതിയുണ്ട്‌. ഇത്‌ യാത്രക്കാരുടെ പ്രതിഷേധത്തിന്‌ കാരണമാകുന്നു. സൗത്ത്‌, നോർത്ത്‌ സ്റ്റേഷനുകൾ വരുമ്പോൾ യാത്രാപ്രശ്‌നത്തിന്‌ പരിഹാരമാകുമെന്നാണ്‌ ഏവരും പ്രതീക്ഷിക്കുന്നത്‌. Read on deshabhimani.com

Related News