മാതാപിതാക്കളെ സംരക്ഷിക്കാത്തവരുടെ എണ്ണത്തിൽ വർധന: വനിതാ കമീഷൻ



തിരുവനന്തപുരം വാർധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണത്തിൽ വർധനയുള്ളതായി വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. സംരക്ഷിക്കാമെന്ന് ഉറപ്പുനൽകി മാതാപിതാക്കളുടെ പണവും സ്വത്തും കരസ്ഥമാക്കിയശേഷം തിരിഞ്ഞുനോക്കാത്തവരുടെ എണ്ണം കൂടുന്നതായും അവർ വ്യക്തമാക്കി. ഇതിൽ പെൺമക്കളുമുണ്ടെന്നതാണ് അത്ഭുതപ്പെടുത്തുന്നതെന്നും സതീദേവി പറഞ്ഞു.  ജവാഹർ ബാലഭവനിൽ രണ്ട് ദിവസമായി നടന്നുവന്ന ജില്ലാ  അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.   നാല് പെൺമക്കളുള്ള അമ്മയുടെ കേസ് കമീഷന് മുന്നിലുണ്ടായിരുന്നു. ആ അമ്മയുടെ സംരക്ഷണത്തിന് മക്കളാരും തയ്യാറായില്ല. ഭൂമി ഭാഗംവച്ച് വാങ്ങിയശേഷം സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി അമ്മയുടെ കൈയിൽനിന്ന്‌ പണവും വാങ്ങിയെങ്കിലും സംരക്ഷിക്കാൻ ആരും മുന്നോട്ടുവന്നില്ല. ഇക്കാര്യത്തിൽ  ജാഗ്രതാ സമിതിക്ക് കേസ്‌ കൈമാറുകയും അവരുടെ ഇടപെടലിലൂടെ നഷ്ടപ്പെട്ട പണം അമ്മയ്ക്ക് തിരിച്ചുവാങ്ങി നൽകി. തൊഴിലിടത്തെ പീഡനങ്ങൾ സംബന്ധിച്ച കേസുകളും കൂടുതലാണ്‌.  രണ്ട് ദിവസമായി നടന്ന അദാലത്തിൽ 350 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. ഇതിൽ 60 പരാതി പരിഹരിച്ചു. 18 എണ്ണത്തിൽ പൊലീസ് റിപ്പോർട്ട് തേടി. നാല് പരാതി കൗൺസലിങ്ങിന് അയച്ചു. കമീഷൻ അംഗം ഇന്ദിര രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ, സിഐ ജോസ് കുര്യൻ, എസ്‌ഐ മിനുമോൾ, അഭിഭാഷകർ, കൗൺസിലർ ശോഭ എന്നിവരും അദാലത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News