വൈസ് പ്രസിഡന്റിനെ പുറത്താക്കി



കിളിമാനൂർ  നഗരൂർ പഞ്ചായത്തിൽ വൈസ് പ്രസിഡന്റിനെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം വോട്ടെടുപ്പിൽ പാസായി. ഇതോടെ, പാവൂർക്കോണം വാർഡിൽനിന്നും സ്വതന്ത്രനായി വിജയിച്ച അബി ശ്രീരാജ് സ്ഥാനത്തുനിന്നും പുറത്തായി. അബി ശ്രീരാജിന്റെ പിന്തുണയോടെ എൽഡിഎഫായിരുന്നു പഞ്ചായത്ത്‌ ഭരിച്ചിരുന്നത്‌.  അബി ശ്രീരാജിനെതിരെ പൊലീസ് പീഡനകേസ് എടുത്തതിനെ തുടർന്നാണ്‌ എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്‌. 17 അംഗ ഭരണസമിതിയിൽ സിപിഐ എം (5), സിപിഐ (2), കോൺഗ്രസ് (6), ബിജെപി (2), എസ്ഡിപിഐ (1) എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസം പാസാകാൻ 9 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്‌.  കോൺഗ്രസും ബിജെപിയും വൈസ് പ്രസിഡന്റിന് അനുകൂലമായ നിലപാട് സ്വീകരിച്ച് അവിശ്വാസ പ്രമേയത്തിൽനിന്നും വിട്ടുനിന്നു. കോൺഗ്രസ്‌ അംഗങ്ങളായ പി ബി അനശ്വരി, നന്ദു സുരേഷ് കുമാർ, എസ്ഡിപിഐ അംഗം നിസാമുദ്ദിൽ നാലപ്പാട്ട്‌ എന്നിവർ എത്തിയതോടെ പ്രമേയം ചർച്ചക്കെടുത്തു.  10 വോട്ടോടെ പ്രമേയം പാസായി. എൽഡിഎഫ് പ്രമേയത്തെ അനുകൂലിച്ച മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായി പ്രസിഡന്റ്‌ ഡി സ്‌മിത അറിയിച്ചു. Read on deshabhimani.com

Related News