ശബ്ദിക്കുന്ന ചിത്രങ്ങൾ

വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കുന്ന 
വുമെൻ ഇൻ ആർട്ട് കലാപ്രദർശനത്തിൽനിന്ന്


തിരുവനന്തപുരം  ഓരോ ചിത്രവും ശബ്ദിക്കുന്നു. സ്ത്രീകളിൽ അടിച്ചേൽപ്പിക്കുന്ന ഉത്തരവാദിത്വത്തോട്‌ കലഹിക്കുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ സങ്കീർണതകളുടെ ആഴങ്ങൾ പ്രതിഫലിപ്പിക്കുന്ന ‘നേർച്ചിത്രങ്ങ’ളാണ്‌ ലീഫ് ആർട്ട് പ്രൊജക്ട്സിന്റെ വുമെൻ ഇൻ ആർട്ട് കലാപ്രദർശനത്തിലുള്ളത്‌. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാ​ദമി ആർട്ട് ​ഗാലറിയിലാണ് ഒമ്പത് സ്ത്രീകളുടെ കലാസ--ൃഷ്ടികളുടെ പ്രദർശനം. സ്ത്രീ ജീവിതത്തിലെ പ്രതിബദ്ധതകൾ, ഭയം, ഒറ്റപ്പെടൽ, അകപ്പെടൽ എന്നിവയാണ് സാറ ഹുസൈന്റെ ചിത്രങ്ങൾ. അടിച്ചേൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളോടുള്ള അവളുടെ ഭാവങ്ങളെ കാഴ്ചക്കാരനിലൂടെ ബോധ്യപ്പെടുത്തുകയാണ് മുഖം മറയ്ക്കപ്പെട്ട പെണ്ണിലൂടെ വരച്ചിടുന്നത്. മുമ്പൊരിക്കൽ നടന്ന പ്രദർശനത്തിൽ ഇതൊക്കെ എങ്ങനെയാണ് നോക്കുന്നത്, ന​ഗ്നതയല്ലേ തുടങ്ങിയ ചോദ്യങ്ങൾ നേരിടേണ്ടി വന്ന അനുഭവവും സാറ പങ്കുവച്ചു. ചിത്രങ്ങൾ‌ക്കല്ല പ്രശ്നം കാണുന്ന വ്യക്തിയുടെ ചിന്തയ്ക്കാണ്. എല്ലാ ചിത്രങ്ങളും കാഴ്ചക്കാരന്റേതുകൂടിയാണെന്ന് അവർ പറഞ്ഞു. ഉള്ളിലൊതുക്കിപ്പിടിച്ച വികാരങ്ങളുടെ അലർച്ചയാണ് ബബിതാ രാജീവിന്റെ ചിത്രങ്ങൾ. സ്ത്രീ അലർച്ചകളുടെ തീവ്രതയാണ് സ്കൾ (തലയോട്ടി) സീരിസിലൂടെ ബബിത വിവരിക്കുന്നത്. സജിത ആർ ശങ്കർ, ഡോ. കവിത ബാലകൃഷ്ണൻ, ബിന്ദി രാജ​ഗോപാൽ, ഡോഡ്സി ആന്റണി, ബബിത കടന്നപ്പള്ളി, സബിത കടന്നപ്പള്ളി, ഉഷ രാമചന്ദ്രൻ എന്നിവരുടെ ചിത്രങ്ങളാണ് പ്ര​ദർശനത്തിലുള്ളത്.  നന്നായി വരയ്ക്കുന്ന സ്ത്രീകളുണ്ടെങ്കിലും പ്രശസ്തിയിലേക്ക് വരുന്നത് വളരെ കുറച്ചുപേരാണ്. അത്‌ മറികടക്കുകയെന്നാണ്‌ പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് ക്യൂറേറ്റർ രഞ്ജു ലീഫ് പറഞ്ഞു.  പ്രദർശനത്തിന്റെ സമാപന ദിവസമായ 13ന് ഡോ. കവിത ബാലകൃഷ്ണന്റെ പ്രഭാഷണവും നടക്കും. Read on deshabhimani.com

Related News