നാടൊരുങ്ങുന്നു 
ചുവപ്പണിഞ്ഞ്‌ കോവളം



തിരുവനന്തപുരം  വിപ്ലവപോരാളികൾക്ക്‌ സ്വാഗതമോതാൻ കോവളമൊരുങ്ങുന്നു. 20 മുതൽ 23 വരെ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ ആതിഥേയരാകുന്ന കോവളത്ത്‌ വിപുലമായ ഒരുക്കങ്ങളാരംഭിച്ചു. നാടും നാട്ടിടവഴികളും ചുവപ്പണിഞ്ഞു. കലാകായിക പരിപാടികളും സെമിനാറുകളും കൂട്ടായ്‌മകളുമായി ജനമാകെ സജീവമാണ്‌. 9 വരെ നീളുന്ന കലോത്സവത്തിന്‌ തിരുവല്ലത്ത്‌ തുടക്കമായി. ഞായറാഴ്‌ച കളിയും കാര്യവുമായി കുട്ടികളുടെ ‘കടൽത്തുമ്പികൾ’ കോവളം ബീച്ചിൽ ഒത്തുകൂടും. നാലരയ്ക്ക്‌ ചിത്രകാരന്മാരുടെ കൂട്ടായ്‌മ ‘കര വര തിര’.  തിങ്കളാഴ്‌ച വെങ്ങാനൂരിൽ കർഷക തൊഴിലാളികളും കർഷകരും കാർഷിക വിദഗ്‌ധരും ഒത്തുചേരുന്ന ‘വിളവിന്റെ വിജ്ഞാനം’ സംഘടിപ്പിക്കും. ചൊവ്വാഴ്‌ച കരുംകുളം കൊച്ചുതുറ കടപ്പുറത്ത്‌ മത്സ്യത്തൊഴിലാളി സംഗമവും കടൽപ്പാട്ടുകളുടെ അവതരണവും. ബുധനാഴ്‌ച കോവളം ഏരിയയിലെ 100 കേന്ദ്രങ്ങളിൽ ‘നവോത്ഥാനവും അയ്യൻകാളിയും’ സ്മൃതിസംഗമങ്ങൾ നടക്കും. 12ന്‌ ചപ്പാത്തിൽ രക്തസാക്ഷി കുടുംബ സംഗമം നടക്കും.  13ന്‌ മുക്കോല പെരുങ്കാറ്റുവിളയിൽ അയ്യൻകാളി സ്മൃതി മണ്ഡപം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. 14ന്‌ ഉച്ചക്കടയിൽ പരമ്പരാഗത തൊഴിലാളി സംഗമം. 15ന്‌ പതാകദിനമാചരിക്കും. കാഞ്ഞിരംകുളത്ത്‌ അരാഷ്ട്രീയ വിരുദ്ധറാലി നടക്കും. 16ന്‌  തിരുവല്ലത്ത്‌ വനിതോത്സവത്തിൽ 1000 വനിതകൾ ഒരുമിച്ച്‌ പാടും. 17ന്‌ കോവളം സമുദ്ര ബീച്ച്‌ പാർക്കിൽ വടംവലി. വൈകിട്ട്‌ അഞ്ചിന്‌ സാംസ്‌കാരികോത്സവം കലയലയ്ക്ക്‌ തുടക്കമാകും. രാത്രി ഏഴിന്‌ ‘താണ്ഡവർ’ അരങ്ങേറും. 18ന്‌ പൂവാർമുതൽ പൊഴിക്കരവരെ ജലഘോഷയാത്ര. പറയൻ തുള്ളൽ അരങ്ങേറും. 19ന്‌ തിരുവല്ലംമുതൽ വെള്ളാർവരെ റെഡ്‌ റൺ. സമുദ്ര പാർക്കിൽ മാധ്യമങ്ങളുടെ വർത്തമാനം സെമിനാറും നവീന വിൽപ്പാട്ടും സംഘടിപ്പിക്കും.  20ന്‌ പതാക, കൊടിമര, ദീപശിഖാ റാലികൾ വിഴിഞ്ഞത്ത്‌ സംഗമിക്കും. സമുദ്ര പാർക്കിൽ പാട്ടരങ്ങും നടക്കും. 21ന്‌ പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമാകും. ‘നവോത്ഥാനത്തിന്റെ തുടർച്ച’ സെമിനാറും ചെമ്പൊലിക അവതരണവും. 22ന്‌ വൈകിട്ട്‌ കഥയരങ്ങും കവിയരങ്ങും നൃത്തസന്ധ്യയും. 23ന് ചുവപ്പുസേനാ മാർച്ചിന്റെയും ബഹുജന റാലിയുടെയും അകമ്പടിയിൽ സമ്മേളനത്തിന്‌ സമാപനമാകും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പൊതുയോഗത്തിനുശേഷം നൃത്തഗാന പരിപാടി ‘മ’ ഷോയും അരങ്ങേറും.      കടന്നു വരൂ കുടിക്കാം 
കടുപ്പത്തിലൊരു ചായ  സ്വന്തം ലേഖകൻ തിരുവനന്തപുരം തിരുവല്ലം ബൈപാസിലെ ഓലമെടഞ്ഞ ചായക്കടയിലേക്ക്‌ ആർക്കും സ്വാഗതം. വൈകിട്ട്‌ നടക്കാനിറങ്ങുന്നവരും കവലയിൽ വർത്തമാനം പറയാനെത്തുന്നവരുമെല്ലാം ഇവിടെയുണ്ട്‌. കടുപ്പത്തിലൊരു കട്ടൻചായ കുടിച്ച്‌ അതിലേറെ കട്ടിയുള്ള രാഷ്ട്രീയ ചർച്ചയുമാണ്‌ ചായക്കടയിൽ. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം തിരുവല്ലം വെസ്റ്റ്‌ ലോക്കൽ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ്‌ ചായക്കട തുടങ്ങിയത്‌. ഇവിടെ എത്തുന്നവർക്കെല്ലാം സൗജന്യമായി കട്ടൻചായ റെഡി. വീട്ടമ്മമാരും യുവതീയുവാക്കളും എത്തിക്കുന്ന ചെറുകടികളും ബിസ്കറ്റും  പഴവുമെല്ലാം കൂടെ കിട്ടും. പുതിന ചായ, നാരങ്ങാ ചായ തുടങ്ങി പലതരം ചായകൾ റെഡിയാണ്‌. പാൽച്ചായ വേണ്ടവർക്ക്‌ അതുമുണ്ട്‌. അടുത്ത ദിവസങ്ങളിൽ വിവിധ വർഗബഹുജന സംഘടനകളുടെ നേതൃത്വത്തിൽ കൂടുതൽ ചെറുകടികളുമെത്തിക്കാനാണ്‌ ആലോചന.മൂന്ന്‌ ദിവസമാകുമ്പോഴേയ്‌ക്ക്‌ ആയിരത്തോളമാളുകൾ ചായ കുടിക്കാനെത്തി. ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലെ പാർടി അംഗങ്ങൾക്കാണ്‌ ചായക്കടയുടെ നടത്തിപ്പ്‌ ചുമതല. സമ്മേളനം അവസാനിക്കുംവരെ ചായക്കടയുടെ സൗജന്യ സേവനം ഇവിടെയുണ്ടാകും. തിരുവല്ലത്ത്‌ 
കലയുടെ മേളം കോവളം ആവേശ അലകളുയർത്തി പാട്ടും പറച്ചിലും എഴുത്തുമായി കലാകാരന്മാർ ഒത്തുചേർന്നു. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച കലോത്സവം ജില്ലയിലെ കലാകാരന്മാരുടെ സംഗമഭൂമിയായി. 4 വേദികളിലായി നടന്ന മത്സരങ്ങളിൽ നിരവധിയാളുകൾ പങ്കെടുക്കാനെത്തി. ലോക്കൽതലത്തിൽ നടന്ന മത്സരങ്ങളിലെ വിജയികളാണ്‌ പങ്കെടുത്തത്‌. എൽപി, യുപി, ഹൈസ്കൂൾ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി പെൻസിൽ ഡ്രോയിങ്‌, പെയിന്റിങ്‌, ഉപന്യാസരചന, കഥാരചന, കവിതാരചന, പ്രസംഗം, കവിതാലാപനം, ലളിതഗാനം, മാപ്പിളപ്പാട്ട്, വിപ്ലവഗാനം, നാടൻപാട്ട് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. കലോത്സവം കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. സമാപന യോഗവും സമ്മാനദാനവും നടൻ സുധീർ കരമന ഉദ്ഘാടനം ചെയ്തു. സിപിഐ എം കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു, തിരുവല്ലം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ ജി സനൽകുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ വി അനൂപ്, ശിജിത്ത് ശിവസ്, ഡി ശിവൻകുട്ടി, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News