സുവർണ സ്മരണയിൽ...
തിരുവനന്തപുരം നാട്ടിലെ പലചരക്ക് കടകളിലുൾപ്പെടെ ഇൻലൻഡ് കിട്ടിയിരുന്ന കാലം, പ്രിയപ്പെട്ടവരുടെ വിശേഷങ്ങൾക്കായി കാക്കിക്കുപ്പായക്കാർക്കായി മനുഷ്യർ കണ്ണിമചിമ്മാതെ കാത്തിരുന്ന കാലം. അകലങ്ങളില്ലാതാക്കി മനുഷ്യരെ തമ്മിൽ തമ്മിലും സർക്കാരുകളെയും സ്ഥാപനങ്ങളെയും ജനങ്ങളുമായി വിളക്കിച്ചേർത്തിരുന്ന വകുപ്പിന്ന് വല്ലാപ്പോഴുമെത്തുന്ന പാഴ്‌സലുകളുടെയും ഔദ്യോഗിക റിലീസുകളുടെയും മാഗസീനുകളുടെയുംമാത്രം സങ്കേതമായി. പൂജപ്പുരയിലെ വീട്ടിലിരുന്ന് തപാൽവകുപ്പിന്റെ സുവർണകാലത്തെ ഓർത്തെടുക്കുമ്പോൾ തപാൽവകുപ്പ് മുൻ ജീവനക്കാരായിരുന്ന പി ടി രാജുവും ജി രാജമ്മയും ഇടയ്‌ക്കിടയ്ക്ക് നിശ്ശബ്‌ദമാകും. അകലങ്ങളിലെ പ്രിയപ്പെട്ടവരുടെ വിശേഷങ്ങളും ആശ്വാസമായി എത്തുന്ന മണിയോർഡറുകളുമായി വിലാസം തേടിയെത്തുന്നവരെ ദൈവതുല്യരായി കണ്ടിരുന്ന കാലത്തിന്റെ ഓർമകളിലേക്ക് ദമ്പതികൾ മടങ്ങും. ഇരുവരും കണ്ടതും പരിചയപ്പെട്ടതും ഒരുമിച്ച് ജീവിതം തുടങ്ങുന്നതുമെല്ലാം കത്തുകളുടെയും മണിയോർഡറുകളുടെയും തിരക്കുകൾക്കിടയിലാണെന്നത് പോയ കാലത്തിന് മധുരംകൂട്ടും. 2007ൽ ആണ് ഇരുവരും സർവീസിൽനിന്ന് പടിയിറങ്ങുന്നത്. ക്രിസ്മസ്, ഓണം പോലുള്ള ദിവസങ്ങളിൽ ഓഫീസിലെത്തുന്ന ആശംസാകത്തുകളും കാർഡുകളും കണക്കില്ലാത്തതായിരുന്നു. വിവാഹം തുടങ്ങിയ വിശേഷങ്ങളുടെ ക്ഷണവും ഒരുപാടെത്തും. അക്കാലത്തെല്ലാം എഴുത്തും വായനയും അറിയാത്തവർക്ക് വായിച്ച് കൊടുക്കാനും മറുപടി എഴുതാനും പോസ്റ്റ്‌മാൻമാർ സന്നദ്ധരായിരുന്നു. സർവീസിൽ കയറുന്ന സമയത്ത് ധാരാളം തപാൽ ഉരുപ്പടികളൊക്കെ ഉണ്ടായിരുന്നു. അന്ന് ടെലഗ്രാം അടിക്കാനായി രാത്രിയിലും ആളുകളെത്തുമായിരുന്നു. പ്രേക്ഷകനെയും സ്വീകർത്താവിനെയും കൂട്ടിമുട്ടിച്ചിരുന്ന തപാൽ ജീവനക്കാരനെ കാണുന്നതുതന്നെ ഇന്ന് വിരളമാണ്. ലോകത്തുതന്നെ ഏറ്റവും വലിയ സർവീസ് മേഖലയായ തപാൽ വകുപ്പിൽ താഴെ തട്ടിലുള്ള ജീവനക്കാരെല്ലാം ഇല്ലാതായി. ഉയർന്ന പദവിയിലുള്ളവർ മാത്രമായി. Read on deshabhimani.com