കാർവാറിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞു
ചിറയിൻകീഴ് കർണാടകത്തിനുസമീപം കാർവാറിൽനിന്ന് മലയാളികളായ എട്ടുപേരടക്കം പത്തുപേർ പോയ ബോട്ട് മറിഞ്ഞു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് മണ്ണാർക്കുളം സ്വദേശികളായ ആസ്‌കർ, വിനോദ്, വിനീഷ്, സുമിഷ്, ജയേഷ്, ജോബോയ്, മഹേഷ്, കൊല്ലം സ്വദേശിയായ ജോയി, തമിഴ്നാട് ചിന്നതുറ സ്വദേശികളായ രാജു, സയറസ് എന്നിവരുമാണ് രക്ഷപ്പെട്ടത്. കാർവാറിലെ വിക്രമന്റെ ഉടമസ്ഥതയിലുള്ള കാമധേനു 2 എന്ന ബോട്ടിൽ കഴിഞ്ഞ 25നാണ് ഇവർ അഞ്ചുതെങ്ങിൽനിന്ന് പോയത്. 26ന് കാർവാറിൽ എത്തി. അറുപത് കിലോമീറ്ററോളം മാറി സഞ്ചരിച്ചപ്പോഴാണ് ശക്തമായ കാറ്റടിച്ചത്. ഇതോടെ വള്ളം തലകീഴായി മറിഞ്ഞു. എൻജിനുകളും വലകളും മത്സ്യവും നഷ്ടമായി. നിരവധി തവണ കസ്റ്റംസിനെയും കോസ്റ്റ് ഗാർഡിനെയും വിളിച്ചെങ്കിലും ഒരു ദിവസം കഴിഞ്ഞിട്ടും ആരും എത്തിയില്ല. രണ്ടാംദിവസം വൈകി ഇതുവഴി എത്തിയ ‘അൽതാഹിർ’ എന്ന പന്ത്രണ്ടോളം മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ ബോട്ടാണ് ഇവരെ കരയ്ക്കെത്തിച്ചത്. ‘കാമധേനു 2’നെ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. Read on deshabhimani.com