പകരം വയ്‌ക്കാനില്ലാത്ത നെടുമങ്ങാടൻ മാതൃക
നെടുമങ്ങാട് നെടുമങ്ങാട് ബ്ലോക്കുപഞ്ചായത്തില്‍ അംഗീകാരങ്ങളുടെ പെരുമഴക്കാലം. സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച ഹരിത ബ്ലോക്ക് പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ ഹരിത പുരസ്‌കാരം ലഭിച്ച് ദിവസങ്ങൾക്കിപ്പുറമാണ് കൃഷി വകുപ്പിന്റെ ജില്ലയിലെ മികച്ച പൊതുസ്ഥാപനത്തിനുള്ള അവാർഡും നെടുമങ്ങാടിനെ തേടിയെത്തിയത്. ജൈവഗ്രാമം പദ്ധതിക്കാണു രണ്ടു പുരസ്കാരവും.‘മണ്ണിന്റേയും മനുഷ്യന്റെയും ആയുസ്സിനായ്’ എന്ന സന്ദേശം മുന്നോട്ടുവച്ചാണ് ജൈവഗ്രാമം പ്രവര്‍ത്തിക്കുന്നത്. പ്രസിഡന്റ് ബി ബിജുവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ചുരുങ്ങിയ കാലംകൊണ്ട് അവിസ്‌മരണീയമായ നേട്ടങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ 2019ലെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ അവാർഡ് തുടർച്ചയായി രണ്ടാം തവണയും നെടുമങ്ങാട് ബ്ലോക്കിനായിരുന്നു. ജൈവഗ്രാമം,അഗ്രി ഇൻക്യുബേഷൻ സെന്റർ, കിണർ റീചാർജ്, കിള്ളിയാർ മിഷന്‍, കലാഗ്രാമം, കലാ സമൃദ്ധി, ഇൻഡോർ സ്റ്റേഡിയം ,മൾട്ടി പർപ്പസ് സ്റ്റേഡിയം, ഭൗമ വിവര പഞ്ചായത്ത്, മൊബൈൽ ഗവേണൻസ് തുടങ്ങി നിരവധി മാതൃകാ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കി കഴിഞ്ഞത്. സംസ്ഥാന സർക്കാരിന്റെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഇക്കൊല്ലത്തെ സ്വരാജ് ട്രോഫിയും മികച്ച ജനപ്രതിനിധിക്കുള്ള പ്രതിഭാ പുരസ്കാരവും ലഭിച്ചു. പ്രസിഡന്റ് ബി ബിജുവാണ് പ്രതിഭാ പുരസ്കാരത്തിന് അര്‍ഹനായത്.കൂടാതെ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരവും ഈ മാതൃകാ ബ്ലോക്കിന് സ്വന്തം. ബ്ലോക്കിന്റെ കൂട്ടായുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി നേട്ടങ്ങളെ കാണുന്നു എന്ന് ബി ബിജു ദേശാഭിമാനിയോട് പറഞ്ഞു. Read on deshabhimani.com