സഹോദരിമാരായ പൊലീസുകാർക്കെതിരെ കേസ്



തിരുവനന്തപുരം കടംവാങ്ങിയ പണം തിരിച്ചു ചോദിച്ചതിന്‌ ഗുണ്ടയെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സഹോദരിമാരായ വനിതാ പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സംഗീത, സഹോദരിയും തൃശൂർ വനിതാ സെല്ലിലെ സിവിൽ പൊലീസ്‌ ഓഫീസറുമായ സുനിത എന്നിവർക്കെതിരെയാണ് കാട്ടായിക്കോണം സ്വദേശിനി ആതിരയുടെ പരാതിയിൽ പോത്തൻകോട്‌ പൊലീസ്‌ കേസെടുത്തത്‌.  നാലുമാസം മുമ്പ്‌ മലയിൻകീഴ് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസ്‌ പോത്തൻകോട്‌ പൊലീസിന്‌ കൈമാറുകയായിരുന്നു. സംഗീതയുടെ വീട്‌ മലയിൻകീഴ്‌ ആയിരുന്നതിനാലാണ്‌ അവിടെ കേസ്‌ നൽകിയത്‌. കാട്ടാക്കട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷിച്ചെങ്കിലും പൊലീസ്‌ ഉദ്യോഗസ്ഥകളും ഗുണ്ടുകാട്‌ സാബുവും തമ്മിൽ ഇടപാടുകൾ ഉള്ളതിന്റെ ഫോൺ രേഖകൾ കണ്ടെത്താനായില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന പരാതി മാത്രമാണ്‌ നിലവിലുള്ളതെന്നും പോത്തൻകോട്‌ പൊലീസ്‌ പറയുന്നു. അതുകൊണ്ടാണ്‌ സാബുവിനെ ഒന്നാംപ്രതിയാക്കിയത്‌. ഭീഷണിപ്പെടുത്തിയെന്ന പരാതി നൽകിയതുകൊണ്ട്‌ ആ രീതിയിലായിരിക്കും അന്വേഷണമെന്നും സാമ്പത്തിക ഇടപാടിനെക്കുറിച്ച്‌ പരാതി നൽകിയിട്ടില്ലെന്നും പൊലീസ്‌ പറഞ്ഞു. പൊലീസ്‌ ഉദ്യോഗസ്ഥകൾ വസ്‌തുവാങ്ങാൻ എന്ന പേരിൽ ആതിരയുടെ ഭർത്താവിൽനിന്ന്‌ പലതവണയായി 19 ലക്ഷം രൂപ കടംവാങ്ങിയെന്നും ഇത്‌ തിരിച്ചുചോദിച്ചതിന്‌ ഗുണ്ടയെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയെന്നുമാണ്‌ പരാതി. സുനിതയുടെ ഭർത്താവും സൈനികനുമായ ജിപ്‌സൺ രാജ്‌, ശ്രീകാര്യം സ്വദേശി ആദർശ്‌ ഉൾപ്പെടെ അഞ്ചുപേരാണ്‌ പ്രതികൾ.   Read on deshabhimani.com

Related News