സ്‌ത്രീകൾക്ക്‌ വേണ്ടത്‌ അവകാശ സംരക്ഷണം: പി കെ ശ്രീമതി

മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീകളും തൊഴിലിടവും സെമിനാർ ഉദ്‌ഘാടനം ചെയ്ത ശേഷം അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതിയും സജിത മഠത്തിലും ചേർന്ന് ഹരിതകർമ സേനാ അംഗം ധനുജകുമാരിയെ ആദരിക്കുന്നു


തിരുവനന്തപുരം സ്‌ത്രീയെന്ന നിലയിൽ പരിഗണനയല്ല, അവകാശ സംരക്ഷണമാണ്‌ ആവശ്യമെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതി. മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സ്‌ത്രീയും തൊഴിലിടവും' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.  ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തിന്റെയും സാഹചര്യത്തിൽ തൊഴിലിടത്തിലെ സ്‌ത്രീസുരക്ഷ വീണ്ടും ചർച്ചയാകുകയാണ്‌. സ്‌ത്രീകൾക്ക്‌ മനസ്സമാധാനത്തോടെ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും അവർ പറഞ്ഞു. പണ്ടൊക്കെ വിജനമായ വഴിയിലാണ്‌ സ്‌ത്രീക്ക്‌ സുരക്ഷ ഇല്ലാതിരുന്നത്‌. പുതിയ കാലത്ത്‌ പൊതുമധ്യത്തിലും സഹപ്രവർത്തകർക്കിടയിലും സുരക്ഷയില്ലെന്നായി. തൊഴിലാളിയെന്ന നിലയിൽ മാത്രമല്ല സ്‌ത്രീയെന്ന നിലയിലും ചൂഷണങ്ങൾക്ക്‌ വിധേയരാകേണ്ട അവസ്ഥ. സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകാണിക്കാൻ മുന്നിട്ടിറങ്ങിയ ഡബ്ല്യുസിസിക്കൊപ്പമാണ്‌ അന്നും ഇന്നും മഹിളാ അസോസിയേഷനെന്നും അവർ പറഞ്ഞു.  കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എൻ സീമ വിഷയമവതരിപ്പിച്ചു. ഹരിതകർമ സേനാംഗം ധനുജകുമാരിയെ ആദരിച്ചു.  നടി സജിത മഠത്തിൽ, സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി, സെക്രട്ടറി സി എസ്‌ സുജാത, സംസ്ഥാന ജോ. സെക്രട്ടറി എസ്‌ പുഷ്‌പലത, വി അമ്പിളി, ഷൈലജ ബീഗം, ശകുന്തളകുമാരി, ശ്രീജ ഷൈജുദേവ്‌ എന്നിവരും സംസാരിച്ചു.  Read on deshabhimani.com

Related News