മാനവീയം വീഥിക്കെതിരായ വാർത്തകൾ കെട്ടിച്ചമച്ചത്
തിരുവനന്തപുരം തലസ്ഥാനത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഡ്രഗ് മാഫിയയുടെ നിയന്ത്രണത്തിലാണെന്ന മാധ്യമ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ്. മാനവീയത്തിന്റെ വിദൂര പരിസരങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ പോലും മാനവീയം വീഥിയുമായി കൂട്ടിക്കെട്ടി വാർത്തയാക്കുന്ന സ്ഥിതിയാണ്. ഇത് മാനവീയത്തിലെ കലാസാംസ്കാരിക പ്രവർത്തകരെയും ആസ്വാദകരെയും അപമാനിക്കുന്നതിന് തുല്യമാണ്. വെള്ളയമ്പലം ആൽത്തറ റോഡിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ വെള്ളയമ്പലമെന്നോ ആൽത്തറയെന്നോ സൂചിപ്പിക്കാതെ 'മാനവീയം വീഥിക്കുസമീപം യുവാവിന് കുത്തേറ്റുവെന്നാണ് തലക്കെട്ടും ഉള്ളടക്കവും നൽകുന്നത് ദുരുദ്ദേശപരമാണ്. സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയത്തിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായ പൊലീസ് എയ്ഡ് പോസ്റ്റുണ്ട്. സമാധാനപൂർണവും ഭയരഹിതവുമായ പൊതുയിട അന്തരീക്ഷമാണ്. മറ്റെവിടെയോ നടക്കുന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെടുത്തി ജനങ്ങൾക്കിടയിൽ ഭീതിയും തെറ്റിദ്ധാരണയും പടർത്താൻ ശ്രമിക്കുന്നത്. നൈറ്റ് ലൈഫ് കേന്ദ്രത്തില്‍ സ്ത്രീകളുടേയും കുട്ടികളുടേയും വലിയ സാന്നിധ്യമാണ് മാനവീയം വീഥിയുടെ സമകാലീന സവിശേഷത. അതില്ലാതാക്കുന്നതിനുള്ള ഗൂഢോദ്ദേശ്യവും ഇത്തരം വാർത്തകൾക്കുണ്ട്. കപട സദാചാരവാദികൾക്കും സാമൂഹികവിരുദ്ധർക്കും മേൽക്കൈ ലഭ്യമാകുന്ന നിലയിലെ വ്യാജ വാർത്തകളെ തള്ളിക്കളയണമെന്ന് മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി പ്രസിഡന്റ് വിനോദ് വൈശാഖിയും സെക്രട്ടറി കെ ജി സൂരജും പ്രസ്താവനയിൽ അറിയിച്ചു. Read on deshabhimani.com