കാലം മറന്ന ചുമടുതാങ്ങികൾ

കിഴുവിലം പഞ്ചായത്തിലെ ചുമട് താങ്ങിയെന്ന സ്ഥലത്ത് ഇപ്പോഴും സ്ഥിതിചെയ്യുന്ന ചുമട് താങ്ങി


ചിറയിൻകീഴ‍്  പേരുകൊണ്ടുതന്നെ ഉപയോഗം വ്യക്തമാക്കുന്ന സംവിധാനം. വാഹന ഗതാഗതം നിലവിൽ വരുന്നതിന് ഏറെക്കാലംമുമ്പ് തലച്ചുമടായി സാധനങ്ങൾ കൊണ്ടുപോകുന്നവർക്ക് ചുമടിറക്കിവച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ സ്ഥാപിച്ചിരുന്ന ചുമടുതാങ്ങികൾ നാശത്തിന്റെ വക്കിൽ.    ചിറയിൻകീഴ് കോരാണി റോഡിൽ കിഴുവിലം പഞ്ചായത്തിലെ ചുമടുതാങ്ങിയെന്നറിയപ്പെടുന്ന സ്ഥലത്ത് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ പഴയകാലത്തിന്റെ ശേഷിപ്പായി ഇപ്പോഴും നിൽക്കുന്നുണ്ട് അത്താണിയെന്ന ചുമടുതാങ്ങി.  ഏകദേശം 5-6 അടി ഉയരത്തിൽ ലംബമായി നാട്ടിയ രണ്ടു കല്ലുകൾക്കുമുകളിൽ മറ്റൊരു കല്ലുവച്ചാണ് ഇവ നിർമിച്ചിരുന്നത്. ചിലയിടങ്ങളിൽ തടികൊണ്ടുമുണ്ടാക്കിയിരുന്നു.  ദീർഘകാലം നിലനിൽക്കുന്നതിനാൽ കൂടുതലും കരിങ്കല്ലാണ് ഉപയോഗിച്ചിരുന്നത്. പരസഹായം കൂടാതെ ചുമടിറക്കിവയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്. തിരികെ തലയിലേക്ക് എടുക്കാനും വേഗത്തിൽ സാധിക്കുമായിരുന്നു. വാഹന, റെയിൽ ഗതാഗതങ്ങൾ നിലവിൽ വന്നപ്പോൾ ചുമടുതാങ്ങികൾ പാതയോരങ്ങളിൽനിന്ന്‌ അപ്രത്യക്ഷമാകാൻ തുടങ്ങി. അത്താണികൾ നിലനിന്നിരുന്ന ചില സ്ഥലങ്ങൾ പിന്നീട്‌ കച്ചവടകേന്ദ്രങ്ങളാവുകയും അവ അത്താണി എന്ന സ്ഥലപ്പേരിൽ അറിയപ്പെടുകയും ചെയ്യുന്നുണ്ട്.   Read on deshabhimani.com

Related News