തടവുകാരൻ ജയിൽ ഉദ്യോഗസ്ഥനെ തള്ളി വീഴ്‌ത്തി രക്ഷപ്പെടാൻ ശ്രമം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച തടവുകാരൻ ജയിൽ ഉദ്യോഗസ്ഥനെ തള്ളിവീഴ്‌ത്തി ഓടി രക്ഷപ്പെട്ടെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ പിടിയിലായി. ഡിഎംഇ ഓഫീസിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. ബലാത്സംഗശ്രമത്തിന് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റുചെയ്ത് സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാഞ്ഞിരംകുളം ചാവടി രവിനഗർ കോളനിയിൽ വിനു (41) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. വെള്ളി പകൽ പതിനൊന്നോടെ ഒപി ബ്ലോക്കിലാണ് സംഭവം. ആർസിസിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്കായി വിനു ഉൾപ്പെടെ 14 പ്രതികളെയാണ് ജയിൽ വാഹനത്തിൽ സെൻട്രൽ ജയിലിൽ നിന്ന് കൊണ്ടുവന്നത്. വിനുവിന് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഒപിയിലാണ് ചികിത്സ വേണ്ടിയിരുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം പ്രതിക്ക് എക്കോടെസ്റ്റ് നടത്തി. റിസൾട്ട് ഡോക്ടറെ കാണിച്ചശേഷം ജയിലിലേക്ക് തിരികെ കൊണ്ടുപോകാൻ തുടങ്ങുമ്പോൾ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ ജയിൽ ഉദ്യോഗസ്ഥനെ തള്ളി വീഴ്ത്തി ആൾക്കൂട്ടത്തിനിടയിലൂടെ ഇയാൾ ഓടി മറയുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. Read on deshabhimani.com