ആമിന... 
കോട്ടൂരിലെ 
കോളിവുഡ്‌ താരം

കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ കുഞ്ഞാമിനയെ പരിശീലിപ്പിക്കുന്ന 
പാപ്പാൻ നിസാറുദ്ദീൻ ഫോട്ടോ/ഷിബിൻ ചെറുകര


തിരുവനന്തപുരം  അഗസ്ത്യമലയുടെ താഴ്‌വരയിലെ നെയ്യാറിന്റെ തീരത്ത്‌ ഒരു കോളിവുഡ്‌ താരമുണ്ട്‌, നാലു വയസ്സുകാരി ആമിന. "വെപ്പൺ' എന്ന തമിഴ്‌ചിത്രത്തിലെ ഗാനരംഗത്തിൽ സത്യരാജിനൊപ്പം അഭിനയിച്ച കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിലെ കുട്ടിയാന    ആമിന. താരപരിവേഷമൊന്നുമില്ലാതെ ലോക ഗജദിനത്തിൽ കരിവീരന്മാർക്കൊപ്പമാണിന്ന്‌ അവൾ.  അതിരാവിലെ നെയ്യാറിന്റെ കുളിരിൽ  വിശാലമായ തേച്ചുകുളി. പതിവ്‌ പ്രഭാത ഭക്ഷണത്തിനുപുറമേ ശർക്കരയും കരിമ്പും തണ്ണിമത്തനും പൈനാപ്പിളുമൊക്കെയായി ആനയൂട്ട്‌. ശേഷം പാപ്പാനൊപ്പം  കുറുമ്പുകാട്ടി രസിക്കും. "2-021ൽ പാലോട്‌  റേഞ്ചിൽ  സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ വൈദ്യുത വേലിയിൽനിന്ന്‌ ഷോക്കേറ്റ്‌ ചരിഞ്ഞതാണ്‌ ആമിനയുടെ ഉമ്മ. അന്ന്‌ അവൾക്ക്‌ ഒരുവയസ്സ്‌. ഉമ്മയുടെ ജഡത്തിനരികിൽ  മുഖംകൊണ്ട് ഉരുമ്മിയും തുമ്പിക്കൈകൊണ്ട് തലോടിയും ഇനി മുന്നോട്ടുള്ള യാത്രയിൽ ഉമ്മ കൂടെയുണ്ടാകില്ലെന്നറിയാതെ മണിക്കൂറുകളോളം അവൾ നിന്നു.  ‘മുലകുടി മാറാത്ത കുട്ടിയാന അമ്മയുടെ  പാല്‌ കുടിക്കുന്ന കാഴ്‌ചയാണ്‌ വനംവകുപ്പ്‌ അധികൃതരെത്തിയപ്പോൾ കണ്ടതെന്നും' ഡെപ്യൂട്ടി റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസർ ഷിജു എസ്‌ വി നായർ ഓർക്കുന്നു. ആനക്കുട്ടിയെ കാട്ടിലേക്കു മടക്കി അയക്കാമെന്ന്‌ ആലോചിച്ചെങ്കിലും അമ്മയുടെ സാന്നിധ്യമില്ലാതെ കാട്ടിലേക്കു അയക്കേണ്ടെന്ന്‌  വനംവകുപ്പ്‌ അധികൃതർ തീരുമാനിച്ചു. അങ്ങനെ കുട്ടിയാനയെ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു. ലാക്‌ടൊജനും ഗ്ലൂക്കോസും ബി–-പ്രോട്ടീനും  നൽകി പാപ്പാൻ  നിസാറുദ്ദീൻ  അവളെ പരിപാലിച്ചു. ഇന്നും നിസാറുദ്ദീന്റെ  അരുമയാണ്‌  കുഞ്ഞാമിന. കോട്ടൂരിലെത്തിയ  ഓരോ ആനകൾക്കുമുണ്ട്‌ അനാഥമാക്കപ്പെട്ടതിന്റെ കരളലിയിക്കുന്ന കഥകൾ. നാലു വയസ്സു മുതൽ 83 വയസ്സുവരെയുള്ള 15 ആനകൾ കേന്ദ്രത്തിലുണ്ട്‌. ഏഷ്യയിലെതന്നെ പ്രായം കൂടിയ ആനയായ 83കാരനായ സോമനാണ്‌ കൂട്ടത്തിലെ കാരണവർ.  83 വയസ്സാണ്‌ വനം വകുപ്പിന്റെ രേഖകളിലുള്ളതെങ്കിലും അതിൽ കൂടുതൽ പ്രായം സോമനുണ്ടെന്ന്‌  അധികൃതർ പറയുന്നു. ഗജദിനത്തിൽ സന്ദർശകർക്ക്‌  പ്രവേശനം സൗജന്യമായിരുന്നു. കോട്ടൂർ ഗവ.യുപി സ്കൂളിലെ  കുട്ടികൾക്കായി പ്രശ്നോത്തരിയും  സംഘടിപ്പിച്ചു. പരിപാടികൾ  കോട്ടൂർ റേഞ്ച് കൺസർവേറ്റർ  കെ എൻ ശ്യാം മോഹൻലാൽ ഉദ്‌ഘാടനം ചെയ്തു. വൈൽഡ്‌ ലൈഫ്‌ വാർഡൻ ഐ എസ്‌ സുരേഷ്‌ ബാബു, ഡോ. എസ്‌ കെ അരുൺകുമാർ, അനീഷ്‌ ജി നായർ, സലിൻ ജോസ്‌, കുറ്റിച്ചൽ പഞ്ചായത്ത്‌ വാർഡ്‌ അംഗങ്ങളായ നിസാർ, ശ്രീദേവി സുരേഷ്‌, രാജേന്ദ്രൻ മലവിള തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News