തലസ്ഥാനം മറക്കില്ല പ്രിയ യെച്ചൂരിയെ
തിരുവനന്തപുരം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തിരുവനന്തപുരത്തും നിരവധി സുഹൃത്തുക്കളുണ്ട്. എ കെ ആന്റണിമുതലുള്ള കോൺഗ്രസ് നേതാക്കളും വിവിധ സാംസ്‌കാരിക നായകൻമാരും സാഹിത്യ, സാംസ്‌കാരിക രംഗത്തുള്ളവരും അദ്ദേഹത്തിന്റെ സുഹൃത്‌വലയത്തിലുണ്ടായിരുന്നു. പുത്തരിക്കണ്ടം മൈതാനവും ശംഖുംമുഖം കടപ്പുറവും പൂജപ്പുര മൈതാനവുമെല്ലാം നിരവധി തവണ അദ്ദേഹത്തിന്റെ വാക്കുകൾ മുഴങ്ങിക്കേട്ട സ്ഥലങ്ങളാണ്. അവിടെയെല്ലാം അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയിരുന്നത്. രാഷ്‌ട്രീയത്തിനപ്പുറം നിരവധി സാഹിത്യ, സാംസ്‌കാരിക പരിപാടികൾക്കും അദ്ദേഹം തലസ്ഥാനത്ത് എത്താറുണ്ടായിരുന്നു. ഫെബ്രുവരിയിൽ മാതൃഭൂമി സാഹിത്യോത്സവമായ ‘ക ഫെസ്‌റ്റ്’ന് കനകക്കുന്നിലും അദ്ദേഹം പങ്കെടുത്തിരുന്നു. രാമക്ഷേത്രത്തെക്കുറിച്ചും ഇടതുപക്ഷത്തിന്റെ മതേതര കാഴ്‌ചപ്പാടുകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് യെച്ചൂരി നൽകിയ മറുപടി തിങ്ങിനിറഞ്ഞ സദസ്സ് കൈയടികളോടെയാണ് സ്വീകരിച്ചത്. തലസ്ഥാനത്ത് അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടി ആറ്റിങ്ങൽ മാമം മൈതാനത്തായിരുന്നു. ഏപ്രിൽ 21ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു അത്. നൂറുകണക്കിന് ആളുകൾ അദ്ദേഹത്തെ കാണാനും കേൾക്കാനുമായി എത്തി. ജൂൺ 16,17 തീയതികളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗം എന്നിവയ്‌ക്കും എത്തി. ജൂലൈ 3, 4 തീയതികളിൽ പാർടി മേഖലാ റിപ്പോർട്ടിങ്ങിന് കോഴിക്കോട്ടും കൊല്ലത്തും എത്തിയ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയതും തിരുവനന്തപുരം വഴിയായിരുന്നു. Read on deshabhimani.com