സംസ്ഥാന സർക്കാരിന്റെ പരിശ്രമത്തിനുള്ള അംഗീകാരം



  തിരുവനന്തപുരം   വൻകിട ആശുപത്രികളുടെ സൗകര്യങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടതിന്റെ നേട്ടംകൂടിയാണ്‌ അത്യാഹിത വിഭാഗം കേന്ദ്രസർക്കാർ മികവിന്റെ കേന്ദ്രമായതിന്‌ പിന്നിലുള്ളത്‌.  ദിവസേന ശരാശരി 750ൽ അധികം രോഗികളാണ്‌ അത്യാഹിത വിഭാഗത്തിലെത്തുന്നത്‌. നവീകരിച്ച്‌ 2021 നവംബറിൽ ഉദ്ഘാടനം ചെയ്‌തശേഷം അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനുള്ള മുൻകാല പ്രതിസന്ധികളും തടസ്സങ്ങളുമെല്ലാം വലിയ തോതിൽ ഒഴിവാക്കാനായി.  സമീപകാലത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്, 880പേർ. അപകടങ്ങളിൽപ്പെട്ട്‌ വരുന്നവരേക്കാൾ  മെഡിസിൻ വിഭാഗത്തിൽ ചികിത്സ തേടുന്നവരാണ് കൂടുതലും. നെഞ്ചുവേദന, പക്ഷാഘാതം, പാമ്പുകടി, ആത്മഹത്യാശ്രമം എന്നിവ ഇവിടേക്കാണ്‌ എത്താറ്‌. ഐസിഎംആർ, വേൾഡ് ബാങ്ക്, ലോകാരോഗ്യസംഘടന എന്നിവയുടെ സംഘങ്ങൾ അത്യാഹിത വിഭാഗം ഇടയ്ക്കിടെ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്താറുണ്ട്.  "ഒരേ സമയം പ്രവർത്തിക്കുന്ന നാല്‌ ഓപ്പറേഷൻ തിയറ്ററുകൾ ഉൾപ്പെടെ അഞ്ച്‌ തിയറ്ററുകളുണ്ട്. നാല്‌ വെന്റിലേറ്റർ കിടക്കകളുള്ള ഐസിയുവും റെഡ് സോണിൽ സർജറിക്ക്‌ പ്രത്യേകമായി അഞ്ചു വെന്റിലേറ്റർ കിടക്കകളുമുണ്ട്. മെഡിസിൻ ചെസ്റ്റ് പെയിൻ യൂണിറ്റിന് മൂന്നു വെന്റിലേറ്റർ കിടക്ക വേറെയുമുണ്ട്. നിരീക്ഷണ വാർഡായ യെല്ലോ സോണിൽ 53 കിടക്കകളും 13 കിടക്കകളുള്ള ഗ്രീൻ സോണും അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഇത്രയും സംവിധാനങ്ങൾ ആശുപത്രിയിൽ ഏർപ്പെടുത്തിയതോടെ അത്യാഹിത വിഭാഗത്തിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുകയും അതിന്റെ ഗുണം രോഗികൾക്ക് ലഭ്യമാകുകയും ചെയ്തു'–- അത്യാഹിത വിഭാഗം മേധാവി ഡോ. വി ആർ ചിത്ര പറഞ്ഞു. 35 കോടിയോളം രൂപ ചെലവഴിച്ചാണ് അത്യാഹിത വിഭാഗം സജ്ജമാക്കിയത്. Read on deshabhimani.com

Related News