4 യുവാക്കൾക്ക് 12 വർഷം തടവ്
തിരുവനന്തപുരം കോവിഡ് കാലത്ത് വീട്ടിലും റെസ്‌റ്റോറന്റിലും കഞ്ചാവ് വിൽപ്പന നടത്തിയ നാലു യുവാക്കൾക്ക് 12വർഷം തടവും ഒന്നര ലക്ഷം വീതം പിഴയും. ചിറയിൻകീഴ് കീഴാറ്റിങ്ങലിലെ മുളവലത്ത് വീട്ടിൽ അർജുൻനാഥ് (27), എം സി നിവാസിൽ അജിൻമോഹൻ (25), ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിനുസമീപം ചിത്തിരയിൽ ഗോകുൽരാജ് (26), വർക്കല തൊപ്പിച്ചന്ത പെരുംകുളത്തെ എഫ്‌എഫ് മൻസിലിൽ ഫഹദ് (26) എന്നിവരെയാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് ജഡ്‌ജ് ആജ് സുദർശൻ ശിക്ഷിച്ചത്. 2020 ആഗസ്‌ത് 22ന് ആണ് ചിറയിൻകീഴ് വിളയിൽമൂലയിലെ പ്രതികളുടെ വീട്, ആഡംബര വാഹനങ്ങൾ, മാമ്പ റെസ്‌റ്റോറന്റ് എന്നിവിടങ്ങളിൽനിന്നായി ഒരു കോടി വിലവരുന്ന 40 കിലോ കഞ്ചാവ് പിടികൂടിയത്. നോട്ടെണ്ണലിനും അളവുതൂക്കത്തിനുമുള്ള യന്ത്രങ്ങൾ, ഫോർച്യൂണർ കാർ, ഫോർഡ് ഐക്കൺ കാർ, ഭാരത് ബെൻസ് ലോറി എന്നിവയും പിടിച്ചെടുത്തിരുന്നു. കഞ്ചാവു വിൽപ്പനയിലൂടെയാണ് ഈ വാഹനങ്ങൾ നേടിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ആന്ധ്രയിൽനിന്ന് കഞ്ചാവ് വാങ്ങി ഉള്ളിക്കൊപ്പം ലോറിയിൽ കേരളത്തിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളായിരുന്നു പ്രധാനവിപണി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ പ്രവീൺകുമാർ ഹാജരായി. Read on deshabhimani.com