ജില്ലാ തദ്ദേശ അദാലത്ത് 21ന് ഓൺലൈൻ അപേക്ഷ വെള്ളി വരെ
തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ പരിപാടിയുടെ ഭാഗമായുള്ള ജില്ലാ തദ്ദേശ അദാലത്ത് 21ന് നടക്കും. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതലാണ് അദാലത്ത്. തിരുവനന്തപുരം കോർപറേഷൻതല അദാലത്ത് 29ന് കോർപറേഷൻ ഓഫീസ് കോമ്പൗണ്ടിൽ നടക്കും. ജില്ലാ അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും വെള്ളിയാഴ്ചവരെയും കോർപറേഷൻ അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും 25 വരെയും www.adalat.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും, തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ, നിർദേശങ്ങൾ എന്നിവയാണ് അദാലത്തിലെ പരിഗണനാ വിഷയങ്ങൾ. ലൈഫ് ഭവന പദ്ധതി, അതിദാരിദ്ര്യ നിർമാർജന പദ്ധതി എന്നിവയിലേക്കുള്ള പുതിയ അപേക്ഷകളോ ജീവനക്കാരുടെ സർവീസ് വിഷയങ്ങളോ അദാലത്തിൽ പരിഗണിക്കില്ല. Read on deshabhimani.com