പുതിയ കാത്ത് ലാബ് 3 മാസത്തിനുള്ളിൽ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെഎച്ച്ആർ ആന്‍ഡ് ഡബ്ല്യുഎസിന്റെ കാത്ത് ലാബ് മൂന്നുമാസത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കും. അതുവരെ തടസ്സമില്ലാതെ ചികിത്സ ലഭ്യമാക്കാൻ ബദൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബി എസ് സുനിൽകുമാർ അറിയിച്ചു. നിലവിലുള്ള എച്ച്ഡിഎസിന്റെ കാത്ത് ലാബിനു പുറമേ ന്യൂറോ കാത്ത് ലാബിലും ഇന്റർവെൻഷണൽ റേഡിയോളജി കാത്ത് ലാബിലുമായാണ് സംവിധാനമൊരുക്കിയത്. ഫലത്തിൽ മൂന്നു കാത്ത് ലാബുകൾ സജ്ജമാണ്. അതുകൊണ്ടുതന്നെ കാർഡിയോളജി വിഭാഗത്തിലെ ശസ്ത്രക്രിയകൾ എച്ച്ഡിഎസ് കാത്ത് ലാബിൽ മാത്രമായി പരിമിതപ്പെട്ടുവെന്ന പത്രവാർത്ത വസ്തുതാവിരുദ്ധമാണെന്നും സൂപ്രണ്ട് അറിയിച്ചു. കെഎച്ച്ആർഡബ്ല്യുഎസിന്റെ പുതിയ കാത്ത് ലാബ് മൂന്നു മാസത്തിനുള്ളിൽ മാറ്റി സ്ഥാപിക്കുമെന്ന് എം ഡി പി കെ സുധീർ ബാബു പറഞ്ഞു. എട്ടു കോടി ചെലവഴിച്ചാണ് പുതിയ കാത്ത് ലാബ് സ്ഥാപിക്കുന്നത്. സപ്ലൈ ഓർഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. 12 വർഷം പഴക്കമുള്ള പഴയ കാത്ത് ലാബിന്റെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയത് സ്ഥാപിക്കുന്നത്. Read on deshabhimani.com