ശബരിമല തീര്‍ഥാടകര്‍ക്ക് ദർശന സൗകര്യം ഒരുക്കും: എം വി ഗോവിന്ദൻ
വർക്കല ശബരിമലയിൽ എത്തുന്ന മുഴുവൻ വിശ്വാസികൾക്കും ദർശനം നടത്താൻ സംസ്ഥാന സർക്കാർ സൗകര്യം ഒരുക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിശ്വാസികൾക്കൊപ്പമാണ് എൽഡിഎഫ് സർക്കാർ. ശബരിമലയിൽ രാഷ്ട്രീയ മുതലെടുപ്പിന് ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെട്ടൂർ സർവീസ് സഹകരണ ബാങ്കിന് സമീപം പണി പൂർത്തീകരിച്ച സിപിഐ എം വെട്ടൂർ ലോക്കൽ കമ്മിറ്റി ഓഫീസ് (ഇ കെ നായനാർ ഭവൻ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഗുണമേന്മയുള്ള ജീവിതം നയിക്കാൻ സാധിക്കുന്ന ഏക സംസ്ഥാനവും അതിദാരിദ്ര്യം അവസാനിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനവും കേരളമാണ്. ഓലപ്പാമ്പ് കാണിച്ചാൽ ഭയപ്പെടുന്നവരല്ല ഇടതുപക്ഷം. എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ എത്തുമെന്ന ഉൽക്കണ്‌ഠ ചിലർക്കുണ്ട്. ഇവരാണ് മാധ്യമ പിന്തുണയോടെ വർഗീയവാദികളെയും കൂട്ടുപിടിച്ച് ഇടതുപക്ഷത്തിനും സർക്കാരിനുമെതിരെ നിരന്തരം അപവാദ പ്രചാരണങ്ങൾ സൃഷ്ടിക്കുന്നത്. ഇതിനെയെല്ലാം അതിജീവിച്ച് മൂന്നാം വട്ടവും ഇടതുപക്ഷം അധികാരത്തിലെത്തും. സിപിഐ എമ്മിന്റെ ഓഫീസുകൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ചടങ്ങിൽ ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി, എസ് ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ്, വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുനിൽലാൽ, എസ് സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. വെട്ടൂർ ലോക്കൽ സെക്രട്ടറി എസ് സുധാകരൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com