കേന്ദ്ര നിലപാട് വയനാടിനുനേരെയുള്ള 
വധശ്രമം: മന്ത്രി

സിപിഐ എം കഴക്കൂട്ടം ഏരിയ സമ്മേളനത്തിന്റെ പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുന്നു


കഴക്കൂട്ടം മുണ്ടക്കൈ, ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കാണാനാകില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് വയനാടിനുനേരെയുള്ള വധശ്രമമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിപിഐ എം കഴക്കൂട്ടം ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കഴക്കൂട്ടം ജങ്ഷൻ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ഇനി ഒരിക്കലും ഉയർത്തെഴുന്നേൽക്കരുതെന്നും കേരളം പ്രയാസപ്പെടണമെന്നുമാണ് കേന്ദ്രത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ദുരന്തമുണ്ടായപ്പോൾ കേന്ദ്രം സഹായിച്ചു. എന്നാൽ, അതിലും തീവ്രമായ ദുരന്തം സംസ്ഥാനത്തുണ്ടാകുമ്പോൾ കേന്ദ്രം സഹായിക്കുന്നില്ല. ഏതൊക്കെ ശക്തികൾ എന്തൊക്കെ ചെയ്താലും വയനാടിനെ സംസ്ഥാന സർക്കാർ കൈപ്പിടിച്ചുയർത്തും. സംസ്ഥാന സർക്കാരിനോടുള്ള ഈ അവ​ഗണന ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 22 ശതമാനവും  നികുതി ഇതര വരുമാനം 45 ശതമാനവും വർധിച്ചിട്ടും കേന്ദ്രസർക്കാരിന്റെ സമീപനം മൂലമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. സംസ്ഥാനത്തിന്റെ വായ്പാപരിധിയും പകുതിയായി വെട്ടിക്കുറിച്ചു. ഇങ്ങനെ ഒരു സമീപനം മറ്റൊരു സംസ്ഥാനത്തോടും കേന്ദ്രം കാണിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഏരിയ സെക്രട്ടറി ഡി രമേശൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് എസ് ബിജു, ആർ ശ്രീകുമാർ, വി സാംബശിവൻ, സ്റ്റാൻലി ഡിക്രൂസ്, മേടയിൽ വിക്രമൻ, എസ് പ്രശാന്ത്, രേവതി അനീഷ്, ജലജകുമാരി തുടങ്ങിയവർ  സംസാരിച്ചു. ചുവപ്പ്‌ വളന്റിയർ മാർച്ചോടെയും പൊതുപ്രകടനത്തോടെയുമാണ് സമ്മേളനം സമാപിച്ചത്. Read on deshabhimani.com

Related News