കരവാരത്ത്‌ ബിജെപിക്ക്‌ ഭരണം നഷ്ടമായി



കിളിമാനൂർ കരവാരം പഞ്ചായത്തിലെ ബിജെപിയുടെ ദുർഭരണത്തിന്‌ അവസാനം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിബുലാൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. ബിജെപിക്കും എൽഡിഎഫിനും ഏഴുവീതം സീറ്റാണ്‌ നിലവിലുള്ളത്‌. അഴിമതിയും സ്വജനപക്ഷപാതവും അരങ്ങേറിയ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ എൽഡിഎഫിന്റെ ഏഴ് അംഗങ്ങൾ പ്രമേയത്തിന് നോട്ടീസ് നൽകുകയായിരുന്നു. അവിശ്വാസം ചർച്ചചെയ്യാൻ ഒമ്പത്‌ അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്‌. എൽഡിഎഫിന്റെ ഏഴ്‌ അംഗങ്ങളും യുഡിഎഫിന്റെയും എസ്ഡിപിഐയുടെയും രണ്ട് വീതം അംഗങ്ങളും യോഗത്തിനെത്തി. ബിജെപിയുടെ ഏഴ്‌ അംഗങ്ങൾ വിട്ടുനിന്നു.    അവിശ്വാസചർച്ചയിൽ ബിജെപിയുടെ അഴിമതിഭരണത്തിനെതിരെ എൽഡിഎഫ് അംഗങ്ങൾ ശക്തമായി പ്രതികരിച്ചു.  എന്നാൽ, ബിജെപി ഭരണത്തെ ന്യായീകരിച്ചാണ് യുഡിഎഫും എസ്ഡിപിഐ അംഗങ്ങളും ചർച്ചചെയ്തത്‌.  ബിജെപിയുടെ അഴിമതിക്കെതിരെ യുഡിഎഫ് പാർലമെന്ററി പാർടി നേതാവ് എം കെ ജ്യോതിയോ എസ്ഡിപിഐ പാർലമെന്ററി പാർടി നേതാവ് എം എ കരീമോ പ്രതികരിച്ചില്ല. തുടർന്ന് നടന്ന വോട്ടിങ്ങിൽ 11 അംഗങ്ങൾ ബിജെപിക്കെതിരെ വോട്ടു ചെയ്തു.    ഷിബുലാലിനെതിരെ അഴിമതിയാരോപിച്ച് ബിജെപിയുടെ വൈസ് പ്രസിഡന്റും സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സണും നേരത്തേ സ്ഥാനം രാജിവച്ചിരുന്നു. തുടർന്നുനടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ രണ്ട് സിറ്റിങ്‌ സീറ്റും സിപിഐ എം പിടിച്ചെടുക്കുകയായിരുന്നു. Read on deshabhimani.com

Related News