ആര്‍ആര്‍എഫ് സജ്ജം

ആറ്റുകാൽ കല്ലടിമുഖത്ത് ആർആർഎഫ് ഉദ്ഘാടനശേഷം മേയർ ആര്യ രാജേന്ദ്രൻ പ്രവർത്തനം വിലയിരുത്തുന്നു


തിരുവനന്തപുരം ന​ഗരത്തിലെ അജൈവമാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർആർഎഫ്) കല്ലടിമുഖത്ത് ആരംഭിച്ചു. ആർആർഎഫിന്റെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. ബെയിലിങ് മെഷീനൊപ്പം അജൈവമാലിന്യം വൃത്തിയാക്കുന്നതിനുളള ഡീഡസ്റ്റർ മെഷീനും ആർആർഎഫിൽ സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം കംപ്രസ് ചെയ്ത് ബ്ലോക്കുകളാക്കി മാറ്റുന്ന പ്രവർത്തനമാണ് ബെയിലിങ് മെഷീനിൽ ചെയ്യുന്നത്. മാലിന്യത്തിലെയും പ്ലാസ്റ്റിക്കിലെയും പൊടിയും ചെളിയും നീക്കുന്നതാണ് ഡീഡസ്റ്റർ മെഷീൻ. ആർആർഎഫ് വഴി പ്രതിദിനം ചുരുങ്ങിയത് 10 ടൺ പ്ലാസ്റ്റിക് മാലിന്യം ബെയിൽ ചെയ്ത് വ്യാപ്തി കുറച്ച് ശാസ്ത്രീയമായ സംസ്കരണത്തിനായി വാഹനങ്ങളിൽ നീക്കംചെയ്യാനാകും. ബെയിൽ ചെയ്ത പ്ലാസ്റ്റിക് നീക്കംചെയ്യാൻ സാധാരണ വേണ്ടിവരുന്നതിന്റെ മൂന്നിലൊന്ന് വാഹനങ്ങൾ മതിയാകും. അജൈവ മാലിന്യം വേർതിരിക്കാനുള്ള കൺവെയർ ബെൽറ്റും ആർആർഎഫിനൊപ്പം ചേർത്തിട്ടുണ്ട്. നിലവിൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേനയും ശുചീകരണ തൊഴിലാളികളും മെറ്റീരിയൽ കലക്ഷൻ സെന്ററിലെത്തിച്ച് തരംതിരിക്കുന്നതാണ് രീതി. എന്നാൽ, ആർആർഎഫ്‌ സ്ഥാപിച്ചതോടെ ശുചീകരണ തൊഴിലാളികളുടെ മാലിന്യം തരംതിരിക്കാനുള്ള പ്രയാസം മാറും. ചെന്തിട്ട, മണക്കാട് എന്നിവിടങ്ങളിലും ഉടൻ ആർആർഎഫുകൾ സ്ഥാപിക്കും.       ഡെപ്യൂട്ടി മേയർ പി കെ രാജു, ആരോ​ഗ്യ സ്ഥിരംസമിതി അധ്യക്ഷ ​ഗായത്രി ബാബു, കൗൺസിലർമാരായ ആർ ഉണ്ണികൃ-ഷ്ണൻ, വി എസ് സുലോചനൻ തുടങ്ങിയവർ പങ്കെടുത്തു. കല്ലടിമുഖത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബെയിലിങ് നടത്തുന്നതും അതിന്റെ പ്രവർത്തനരീതികളും ജനപ്രതിനിധികൾ അടക്കമുള്ളവർ നേരിൽ കണ്ട് മനസ്സിലാക്കി. Read on deshabhimani.com

Related News