മാധ്യമങ്ങൾ നടത്തുന്നത് അപവാദ വ്യവസായം: പി കെ ശ്രീമതി
കോവളം മാധ്യമങ്ങൾ നടത്തുന്നത് അപവാദ വ്യവസായമാണെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി. സിപിഐ എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവല്ലത്ത് സംഘടിപ്പിച്ച വനിതോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. സിപിഐ എമ്മിനും എൽഡിഎഫ് സർക്കാരിനുമെതിരെ വ്യാജവാർത്തകൾ ചമയ്‌ക്കുന്നതിനാണ് മാധ്യമങ്ങൾ പണിപ്പെടുന്നത്. അതിനിടയിൽ കേരളത്തിന്റെ വികസനനേട്ടങ്ങൾ അവർ തമസ്‌കരിക്കുന്നു. എല്ലാ മേഖലയിലും കേരളം ഒന്നാംസ്ഥാനത്തേക്ക് കുതിക്കുകയാണ്. അതിന് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനെക്കുറിച്ച് പറയാൻ മാധ്യമങ്ങൾക്ക് മടിയാണെന്നും പി കെ ശ്രീമതി പറഞ്ഞു. വയനാടിന്റെ ദുഃഖം കാണാനെത്തിയ പ്രധാനമന്ത്രി കേരളത്തോട് യാത്രക്കൂലി ചോദിക്കുകയാണിപ്പോൾ. പുനരുദ്ധാരണത്തിന് ഒന്നും നൽകാതെയാണ് യാത്രക്കൂലി ചോദിക്കുന്നത്. എല്ലാ മേഖലയിലും മുന്നേറുന്ന കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങളും പകർത്തണമെന്നാണ് പ്രധാനമന്ത്രി നിർദേശിക്കേണ്ടതെന്നും അവർ പറഞ്ഞു. മഹിളാ അസോസിയേഷൻ കോവളം ഏരിയ പ്രസിഡന്റ് പ്രസന്നകുമാരി അധ്യക്ഷയായി. മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ടി എൻ സീമ, എം ജി മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്‌പലത, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി അമ്പിളി, ഷൈലജാബീഗം, ജില്ലാ പ്രസിഡന്റ് ശകുന്തളകുമാരി, ജില്ലാ സെക്രട്ടറി ശ്രീജാ ഷൈജുദേവ്, എസ് കെ പ്രീജ, ശൈലജകുമാരി, ഏരിയ സെക്രട്ടറി ശ്രീകുമാരി തുടങ്ങിയവർ സംസാരിച്ചു. രാവ് പകലാക്കി, ആടിപ്പാടി വനിതകൾ കോവളം കരമനയാറിന്റെ തീരത്ത് പാട്ടും ആട്ടവുമായി അവർ ഒത്തുചേർന്നു. നൂറുകണക്കിന് വനിതകൾ. രാവ്, പകലാക്കി അവർ ആടിപ്പാടി. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘എല്ലാരും ചൊല്ലണ്’ വനിതോത്സവമാണ് സ്‌ത്രീകളുടെ സംഗമവേദിയായത്. ഗായികമാരായ പുഷ്‌പവതി, പ്രാർഥന എന്നിവർ പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. പുഷ്‌പവതി ‘എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്’ എന്ന പാട്ടുപാടിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. പങ്കെടുക്കാനെത്തിയ മുഴുവൻ വനിതകളും ഉദ്‌ഘാടനഗാനം ഏറ്റുപാടി. തുടർന്ന് പുഷ്‌പവതിയും പ്രാർഥനയും ഗാനങ്ങൾ ആലപിച്ചു. മഹിളാ അസോസിയേഷൻ വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയുടെ കൈകൊട്ടിക്കളി, ചാല ഏരിയ കമ്മിറ്റിയുടെ ഒപ്പന, കോവളം ഏരിയയിലെ വിവിധ ലോക്കൽകമ്മിറ്റികൾ നാടൻപാട്ട്, നൃത്തം, വിപ്ലവഗാനാലാപനം തുടങ്ങിയവയും നടത്തി. തിരുവല്ലത്ത് വൈകിട്ട് 4.30 ഓടെ ആരംഭിച്ച വനിതോത്സവം രാത്രി ഒമ്പതുവരെ നീണ്ടു. ചോരയാൽ ചുവന്ന പൊന്നാംചുണ്ട് തിരുവനന്തപുരം തോട്ടം തൊഴിലാളികൾ നടത്തിയ ഉജ്വലസമരത്തിന്റെ ഒളിമങ്ങാത്ത ഓർമകളാണ് വിതുരയിലെ പൊന്നാംചുണ്ടിന് പറയാനുള്ളത്. തോട്ടം മുതലാളിയുടെ ഗുണ്ടയുടെ കത്തിമുനയിൽ വിദ്യാധരന് ജീവൻ വെടിയേണ്ടിവന്നെങ്കിലും തൊഴിലാളി മുന്നേറ്റത്തിന്റെ പാതയിലെ സുപ്രധാന ഏടായി പൊന്നാംചുണ്ട് സമരം മാറി. നൂറിലധികം ഏക്കറുള്ള വിതുരയിലെ വലിയ തോട്ടങ്ങളിലൊന്നായിരുന്നു പൊന്നാംചുണ്ട്. ഭൂപ്രഭു മൈതീൻകണ്ണ് റാവുത്തരുടെ ഉടമസ്ഥതയിലായിരുന്നു തോട്ടം. അദ്ദേഹത്തിന്റെ മരണത്തോടെ മക്കൾ തമ്മിലുള്ള സ്വത്ത് തർക്കത്തെതുടർന്ന് തോട്ടം റിസീവർ ഭരണത്തിലാവുകയും പാട്ടത്തിന് നൽകാൻ കോടതി ഉത്തരവാകുകയും ചെയ്‌തു. പാട്ടക്കാരനായിവന്ന തോമസ് പണിയെടുത്തിരുന്ന മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ടു. ഇതായിരുന്നു സമരത്തിനു കാരണം. തൊഴിലാളികളുടെ നേതൃത്വത്തിൽ ഫാക്ടറി പടിക്കൽ കുത്തിയിരുപ്പു സമരം ആരംഭിച്ചു. 54 ദിവസം കഴിഞ്ഞിട്ടും മുതലാളി ഒത്തുതർപ്പിന് തയ്യാറാകാത്തതോടെ എസ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് കെ സാംബശിവൻ നിരാഹാരം തുടങ്ങി. അതോടെ ചെറുതോട്ടങ്ങളിലും പണിമുടക്ക് ആരംഭിച്ചു. വിതുര, ആനപ്പാറ, ചെറ്റച്ചൽ, മരുതാമല, പൂവത്തൂർ, ഇരിഞ്ചയം, തേക്കട, കരിപ്പൂര് എന്നിവിടങ്ങളിൽനിന്ന് തൊഴിലാളികളും ബഹുജനങ്ങളും ഫാക്ടറി പടിക്കലേക്ക് പ്രകടനമായി എത്തി. ഇതോടെ പൊലീസുകാർ രംഗത്തെത്തി. ആയിരക്കണക്കിനു തൊഴിലാളികൾ ക്രൂരമർദനത്തിന് ഇരയായി. നൂറുകണക്കിനു കള്ളക്കേസുകളെടുത്തു. സമരത്തിന് നേതൃത്വം നൽകിയ വിദ്യാധരനെ മുതലാളിയുടെ ഗുണ്ട കുത്തിവീഴ്‌ത്തി. 1955 ജൂൺ ആറിനായിരുന്നു സംഭവം. വിദ്യാധരനെ തൊഴിലാളികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജൂൺ എട്ടിന് മരിച്ചു. നെടുമങ്ങാട് താലൂക്കിൽ വിപ്ലവപ്രസ്ഥാനത്തിന് കരുത്തും ആവേശവും പകർന്ന നേതാക്കളായ എൻ എൻ പണ്ടാരത്തിൽ, വിതുര ബേബി, എം എസ് ഹമീദ്, തമ്പുപിള്ള, വേലായുധൻ നായർ, എൻ സി പാണി തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നൽകിയത്. ഇതിൽ എൻ സി പാണി 1957 ഏപ്രിൽ അഞ്ചിന് രക്തസാക്ഷിയായി. Read on deshabhimani.com