ബിഗ് സല്യൂട്ട് ഹീറോസ്
തിരുവനന്തപുരം നിങ്ങളാണ് യഥാർഥ ഹീറോസ്... ബിഗ് സല്യൂട്ട്... ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യംനീക്കവെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയെ രക്ഷിക്കാൻ 45 മണിക്കൂറോളം മുന്നിൽനിന്ന അഗ്നിരക്ഷസേനാംഗങ്ങളെ അഭിനന്ദിക്കാൻ മറ്റൊരു വാക്കില്ല. അഗ്നിരക്ഷാനിലയത്തിൽ കോർപറേഷന്റെ ആഭിമുഖ്യത്തിൽ അനുമോദന ചടങ്ങ് നടക്കുമ്പോഴും കൺട്രോൾ റൂമിൽ ലഭിച്ച "കോൾ' പ്രകാരം തിരുമലയിലേക്ക് ഒരുസംഘം പുറപ്പെട്ടിരുന്നു. മന്ത്രി എം ബി രാജേഷും മേയർ ആര്യ രാജേന്ദ്രനും കോർപറേഷൻ പ്രതിനിധികളുമെത്തിയാണ് ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ 133 സേനാംഗങ്ങളെ ആദരിച്ചത്. മന്ത്രി വി ശിവൻകുട്ടിയുടെ അഭിനന്ദനസന്ദേശം ഫോണിലൂടെ അറിയിച്ചു. ചരിത്രത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടത്തിയതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സമർപ്പിതമായ പ്രവർത്തനമാണ്. ദൗത്യത്തിന്റെ ആദ്യാവസാനംവരെ വിശ്രമമില്ലാതെ പരിശ്രമിച്ചവർ. ഏറെ അഭിമാനം തോന്നിയ നിമിഷമാണത്. കേരളത്തിലെയും ലോകമെമ്പാടുമുള്ള മലയാളികൾ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകുകയാണ്. അഭിനന്ദനം എന്നതിലുപരി ആദരവാണ് ഇത്. പ്രതിബദ്ധതയുടെയും ആത്മാർഥതയുടെയും തെളിവാണ് ഇവരുടെ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു. ഈ ദുരന്തത്തിന്റെ പാഠം ഉൾക്കൊണ്ട് മലയാളികൾ മാലിന്യത്തോട് പുലർത്തേണ്ട സമീപനത്തിൽ മാറ്റംവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അഗ്നിരക്ഷാസേനാ ഡയറക്ടർ ജനറൽ കെ പത്മകുമാർ അധ്യക്ഷനായി. പി കെ രാജു, ഗായത്രി ബാബു, ഷാജിദ നാസർ, എസ് എസ് ശരണ്യ, പാളയം രാജൻ, സി ഹരികുമാർ, അംശു വാമദേവൻ, അഗ്നിരക്ഷാസേനാ ഡയറക്ടർമാരായ നൗഷാദ്, അരുൺ അൽഫോൻസ്, റീജണൽ ഫയർ ഓഫീസർ അബ്ദുൾ റഷീദ്, ഡിവിഷണൽ ഫയർ ഓഫീസർ സൂരജ് എന്നിവർ പങ്കെടുത്തു. ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പന്ന്യന്‍ രവീന്ദ്രനും സേനാംഗങ്ങളെ ആദരിച്ചു. Read on deshabhimani.com