സ്ഥലത്തെ നിർമിതികൾ പൊളിക്കൽ ഉടൻ ആരംഭിക്കും
വട്ടിയൂർക്കാവ് വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനത്തിന്റെ ഒന്നാം റീച്ചിൽ ഏറ്റെടുത്ത സ്ഥലത്തെ നിർമിതികൾ പൊളിച്ചു നീക്കൽ ഉടൻ ആരംഭിക്കും. ശാസ്‌തമംഗലംമുതൽ മണ്ണറക്കോണംവരെയുള്ള ഒന്നാം റീച്ചിലെ 220 നിർമിതികളാണ് പൊളിക്കുന്നത്. റോഡ് നിർമാണത്തിനുള്ള ടെൻഡർ നടപടിയും ഉടൻ പൂർത്തിയാകും. പുനരധിവാസ പദ്ധതിക്കായി ട്രിഡ ഏറ്റെടുത്ത സ്ഥലത്തെ നിർമിതി പൊളിച്ചുകഴിഞ്ഞു. 89 കോടി രൂപയാണ് പുനരധിവാസ പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി ചെലവാക്കിയത്. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്ന പ്രവൃത്തി പൂർത്തിയായി. ആർക്കിടെക്‌ട് ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് ഡിപിആർ തയ്യാറാക്കിയത്. ട്രിഡയിൽ രൂപീകരിച്ചിട്ടുള്ള സാങ്കേതിക സമിതി മുമ്പാകെ ഇതിന്റെ പ്രാഥമിക അവതരണം നടത്തി. ഒന്നാം ഘട്ടത്തിൽ ഏകദേശം 30 കോടി രൂപയാണ് ഇതിലേക്കായി ചെലവിടുന്നത്. ടെൻഡർ നടപടി പൂർത്തിയാക്കി, നിർമാണ പ്രവൃത്തിക്കാവശ്യമായ അനുമതി ലഭ്യമാക്കി ഈ വർഷം പുനരധിവാസ പദ്ധതിയുടെ കെട്ടിട നിർമാണം ആരംഭിക്കും. 823 കോടി രൂപ കിഫ്ബി ധനസഹായത്തോടെയുള്ള പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പാക്കുന്നത്. Read on deshabhimani.com