വർണവിസ്‌മയം തീർക്കാൻ പാളയം മേൽപ്പാലവും

പാളയം (ചന്ദ്രശേഖരൻനായർ സ്റ്റേഡിയം) മേൽപ്പാലത്തിലെ വർണവിളക്കുകൾ തെളിച്ചപ്പോൾ


തിരുവനന്തപുരം ബേക്കറി മേൽപ്പാലത്തിന് പിന്നാലെ പാളയം (ചന്ദ്രശേഖരൻനായർ സ്റ്റേഡിയം) മേൽപ്പാലവും ചാക്ക മേൽപ്പാലവും ദീപാലംകൃതമാക്കുന്നു.  പാളയം മേൽപ്പാലത്തിന് മുകളിൽ എൽഇഡി സ്ട്രിപ്പ് വിളക്കുകൾ സ്ഥാപിച്ചു. ഇവയുടെ ട്രയൽറൺ ബുധനാഴ്‌ച നടന്നു. വർണ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന പാലം കാഴ്‌ചയ്‌ക്ക്‌ കുളിർമ പകരുന്നതായിരുന്നു. ഈ ആഴ്‌ച അവസാനത്തോടെ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ദേശീയ പതാകയടക്കം പത്ത് തീമുകളോടെയാണ് ദീപാലങ്കാരം ഒരുക്കുന്നത്.  വിശേഷദിവസങ്ങളിൽ അതിനനുസരിച്ച് പാലത്തിൽ വർണവിളക്കുകൾ തെളിയും. ചാക്ക മേൽപ്പാലം ദീപാലംകൃതമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ സ്‌മാർട്ട് സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി.  3.20 കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ്‌ ലിമിറ്റഡിന്റെ (കെൽ) നേതൃത്വത്തിലാണ് വിളക്കുകൾ സ്ഥാപിക്കുന്നത്.  പാലത്തിന്റെ തൂണുകളിൽ വർണചിത്രങ്ങളും ഒരുക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഉപയോ​ഗിച്ചാണ് ചിത്രങ്ങൾ വരയ്‌ക്കുക. പാലത്തോടു ചേർന്ന് സെൽഫി പോയിന്റും ഒരുക്കും.  ഇ എം എസ് പാർക്ക് നവീകരിക്കും നിയമസഭാ മന്ദിരത്തിന് സമീപത്തെ ഇ എം എസ് പാർക്കും ടൂറിസം വകുപ്പ് നവീകരിക്കും. മിനി ഓപ്പൺഎയർ സ്റ്റേജും അലങ്കാര വിളക്കുകളും സ്ഥാപിക്കും. ഇതിന്റെ നിർമാണവും ഉടൻ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. Read on deshabhimani.com

Related News