നിധിപോലെ ഈ ചിത്രം; ഭവ്യശ്രീയെ ചേര്‍ത്തുപിടിച്ച് കെ എസ് ചിത്ര

ഭവ്യശ്രീയും കുടുംബവും കെ എസ് ചിത്രയ്ക്കൊപ്പം. സമീപം അധ്യാപിക ഷാര്‍ജ


തിരുവനന്തപുരം ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഭവ്യശ്രീ. തന്റെ പ്രിയപ്പെട്ട ചിത്രാമ്മയുടെ പിന്തുണയും വാങ്ങി അവർക്കായി പാട്ടുപാടിയതിന്റെ സന്തോഷം. ​ഗായിക കെ എസ് ചിത്രയ്ക്കൊപ്പമുള്ള നിമിഷങ്ങൾ പകർത്തി നിധിപോലെ സൂക്ഷിക്കാൻ അമ്മയെയും ഈ കൊച്ചു​ഗായിക ചുമതലപ്പെടുത്തിയിരുന്നു. നൃത്തമാടു കൃഷ്ണ നടനമാടൂ കൃഷ്ണ വെണ്ണ തരാം ​ഗോപാലാ എന്ന് പാടിത്തുടങ്ങിയ ഭവ്യശ്രീയ്ക്കൊപ്പം കെ എസ് ചിത്രയും ചേർന്നതോടെ സന്തോഷം ഇരട്ടിയായി.  സ്കൂളിലെ അധ്യാപികയുടെ ബന്ധുവഴിയാണ് സ്വകാര്യ ചാനലിലെ പരിപാടിക്കിടെ ഭവ്യശ്രീ ചിത്രയെ കണ്ടത്. അമ്മ ആതിരയും സഹോദരൻ എച്ച് വിഷ്ണു നാരായണനും ഒപ്പമുണ്ടായിരുന്നു. കാച്ചാണി ​ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് എ ഭവ്യശ്രീ. സ്കൂളിലെ അധ്യാപികയായ ഷാർജയോട് കെ എസ് ചിത്രയെ കാണണമെന്ന് ആ​ഗ്രഹം പലപ്പോഴായി പങ്കുവച്ചിരുന്നു. തുടർന്ന്, ഷാർജ ടീച്ചർ ചാനലിൽ പ്രവർത്തിക്കുന്ന ബന്ധുവിനോട് കാര്യം പറയുകയും അവസരം ഒരുക്കുകയുമായിരുന്നു.  അരുവിക്കര ഇറയൻകോട് സ്വദേശി ഹരീഷ്‌കുമാറിന്റെ മകളായ ഭവ്യശ്രീ ആറുവർഷമായി കർ‌ണാടക സം​ഗീതം അഭ്യസിക്കുന്നുണ്ട്. തുടർച്ചയായി മൂന്നുതവണയും സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലളിത​ഗാനത്തിന് ഒന്നാം സ്ഥാനം ഈ മിടുക്കിക്കാണ്.  Read on deshabhimani.com

Related News