ഡോക്ടര്‍ക്കുനേരെ കോണ്‍​ഗ്രസ് പ്രവര്‍ത്തകന്റെ കൈയേറ്റം

ഡോക്ടര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ വാമനപുരം കുടുബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ പ്രതിഷേധം


വെഞ്ഞാറമൂട് ഡോക്ടര്‍ക്കുനേരെ പഞ്ചായത്തം​ഗമായ കോണ്‍​ഗ്രസ് പ്രവര്‍ത്തകന്റെ കൈയേറ്റം. വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അനുജിത്തിനെയാണ് ആക്രമിച്ചത്. നെല്ലനാട് പഞ്ചായത്ത് അംഗം അഭിലാഷാണ് ആക്രമിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.    തിങ്കൾ രാത്രി 10.30 ഓടെയായിരുന്നു ആക്രമണം. ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ച, നെല്ലനാട് സ്വദേശിനിയായ വയോധികയുടെ മൃതദേഹം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ആക്രമണം. വയോധിക മരണപ്പെട്ടത് അറിയാതെ ബന്ധുക്കള്‍ അവരെ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം വിട്ടുനൽകുന്നതിന് പൊലീസ് നടപടി വേണമെന്ന് പറയുകയും ചെയ്തു. ഇതോടെ ബന്ധുക്കള്‍ പഞ്ചായത്തംഗം അഭിലാഷിനെ അറിയിച്ചു. തുടര്‍ന്ന് അഭിലാഷെത്തി ഡോക്ടറോട് മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ ആവശ്യം നിരസിച്ചതോടെ അഭിലാഷ് ഡോക്ടറെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.   സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വ രാവിലെ പ്രതിഷേധ സംഗമം നടന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി അസീനാ ബീവി ഉദ്ഘാടനം ചെയ്തു. കൈയേറ്റത്തിനിരയായ അനുജിത്ത് സംഭവം വിശദീകരിച്ചു. ഡോക്ടര്‍മാരായ പ്രമോദ്, ഹീര എന്നിവര്‍ സംസാരിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതിയും നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News