കലയും സാഹിത്യവും 
കാലത്തെ നവീകരിക്കും: 
എം സ്വരാജ്‌

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ കോവളം സമുദ്ര പാർക്കിൽ ആരംഭിച്ച സാംസ്കാരികോത്സവം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്യുന്നു


കോവളം കലയും സാഹിത്യവും കാലഘട്ടത്തിന്റ സൃഷ്ടിയാണെന്നും അത്‌ കാലത്തെ നവീകരിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌. സിപിഐ എം ജില്ലാ സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ നടത്തിയ സാംസ്കാരികോത്സവം ‘കലയല’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കാലത്തും കാലഘട്ടത്തിന്റെ സൃഷ്ടികൾ ഉണ്ടാകുന്നുണ്ട്‌. കൂടുതൽ ക്രൗര്യമാകുന്ന കാലത്തിലൂടെയാണ്‌ രാജ്യം മുന്നോട്ടുപോകുന്നത്‌. രാജ്യം ഭരിക്കുന്നവർ വർഗീയതയെ പ്രധാന ആയുധമാക്കി മാറ്റി. വിശ്വാസികളെ വർഗീയമായി ഒരുമിപ്പിക്കുകയും മതത്തെ മറയാക്കി വിഭജനമുണ്ടാക്കുകയും ചെയ്യുക എന്നതാണ് സംഘപരിവാർ അജൻഡ. എന്നാൽ, വർഗീയ നീക്കങ്ങൾക്കെതിരായ ശുഭസൂചന നൽകുന്നതാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം. അയോധ്യ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപിയുടെ പരാജയം ഇന്ത്യൻ രാഷ്ട്രീയത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതായിരിക്കില്ല. വർഗീയ ചേരിതിരിവിന്‌ തിരിച്ചടി കിട്ടുമെന്ന സൂചനയാണ്‌ ഇതെന്നും സ്വരാജ് പറഞ്ഞു.   ആവേശമായി വടംവലി കോവളം  ആവേശത്തിന്റെ അലകൾ തീർത്ത് വടംവലി. കായിക മത്സരങ്ങളുടെ സമാപനം കുറിച്ചാണ്‌  ആവേശം നിറച്ച മത്സരം സമുദ്ര ബീച്ചിന് സമീപത്തായി  നടന്നത്. കാഞ്ഞിരംകുളം ലോക്കൽ കമ്മിറ്റിയെ പരാജയപ്പെടുത്തി കോട്ടുകാൽ ലോക്കൽ കമ്മിറ്റി വിജയികളായി. സമ്മാനദാനം സ്വാഗതസംഘം ചെയർപേഴ്സൺ ടി എൻ സീമ നിർവഹിച്ചു. ക്രിക്കറ്റ് മത്സരത്തിൽ തിരുവല്ലം വെസ്റ്റും ഫുട്ബോളിൽ കോട്ടുകാലും വോളിബോളിൽ കരുംകുളവും ഷട്ടിൽ ബാഡ്‌മിന്റണിൽ കോവളവും വിജയികളായി.   ആനത്തലവട്ടം 
ആനന്ദൻ ചത്വരം 
ഉദ്‌ഘാടനം ചെയ്‌തു കോവളം കയർ തൊഴിലാളികളുടെ ഉജ്വല സമര കേന്ദ്രമായ വെള്ളാറിൽ സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആനത്തലവട്ടം ആനന്ദൻ ചത്വരം ഉദ്ഘാടനം ചെയ്തു. ചത്വരം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു.  ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ ആർ സുഭാഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, സായികുമാർ, കെ ആർ ഉണ്ണികൃഷ്ണൻ, എം എം ഇബ്രാഹിം, ഡി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News