വിഴിഞ്ഞം കരാർ വിജിലൻസ് അന്വേഷിക്കും
തിരുവനന്തപുരം വിഴിഞ്ഞം പദ്ധതി കരാർ സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കും. വിഴിഞ്ഞം തുറമുഖനിർമാണത്തിൽ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച സി എസ് രാമചന്ദ്രൻ അധ്യക്ഷനായ ജുഡീഷ്യൽ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. കരാറിലൂടെ സർക്കാരിന് സാമ്പത്തിക നഷ്‌ടമുണ്ടായിട്ടുണ്ടോയെന്നാകും പ്രധാനമായും വിജിലൻസ് അന്വേഷിക്കുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അദാനിയുമായി ഒപ്പിട്ട വിഴിഞ്ഞം തുറമുഖ കരാർ വലിയ സാമ്പത്തികനഷ്‌ടം വരുത്തിവച്ചതായി സിഎജി കണ്ടെത്തിയിരുന്നു. തുടർന്നാണ്, എൽഡിഎഫ് സർക്കാർ ഇവ പരിശോധിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത്. കരാറിലെ ചില വ്യവസ്ഥകൾ, ആസ്തി പണയംവയ്‌ക്കാൻ അദാനി ഗ്രൂപ്പിനെ അനുവദിക്കൽ, ടെർമിനേഷൻ പേമെന്റ് വ്യവസ്ഥ, കരാറുകാരനെ തെരഞ്ഞെടുത്തശേഷം പദ്ധതിയിൽ സുപ്രധാന മാറ്റംവരുത്തൽ തുടങ്ങിയവ സംസ്ഥാന താൽപ്പര്യത്തിന് വിഘാതമാണെന്നും കമീഷൻ കണ്ടെത്തി. സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി പണയംവയ്‌ക്കാൻ അദാനിക്ക് കരാറിലൂടെ അവസരം നൽകിയത് സംസ്ഥാനതാൽപ്പര്യത്തിന് വിരുദ്ധമാണ്. എംപവേർഡ് കമ്മിറ്റി ആദ്യം തള്ളിയ വ്യവസ്ഥ നിർബന്ധപൂർവം പിന്നീട് സമ്മതിപ്പിക്കുകയായിരുന്നുവെന്നും കമീഷൻ കണ്ടെത്തി. കരാർ കാലാവധി കഴിയുമ്പോൾ പോർട്ട് എസ്‌റ്റേറ്റ് വികസനത്തിന്റെ ഉപകരാറും അവകാശവും നൽകുന്നതും സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണ്. 40 വർഷ കരാർ അവസാനിക്കുമ്പോൾ അവസാനമാസം ലഭിച്ച റിയലൈസബിൾ ഫീയുടെ 30 മടങ്ങ് സംസ്ഥാന സർക്കാർ നൽകണമെന്നതാണ് ‘ടെർമിനേഷൻ പേമെന്റ്’ വ്യവസ്ഥ. 19,555 കോടി രൂപ ഈയിനത്തിൽ നൽകേണ്ടിവരുമെന്ന് കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇവയെല്ലാം അന്വേഷിക്കാൻ വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേറ്റീവ് ടീമിനെ ചുമതലപ്പെടുത്തും. ക്രമക്കേട് കണ്ടെത്തിയാൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് വിശദാന്വേഷണവും നടത്തും. Read on deshabhimani.com