തുഴയെറിഞ്ഞു സമ്മേളനാവേശം
പൂവാർ ചെമ്മാനത്തിന് കീഴിൽ ഓളപ്പരപ്പുകളിൽ ചെങ്കൊടിയും ചുവന്ന ബലൂണുകളും ചൂടി ബോട്ടുകൾ കുതിച്ചുപാഞ്ഞു. കഥകളി വേഷങ്ങളും പുലികളിക്കാരും വാദ്യമേളവുമെല്ലാം കായലിനെ ആഘോഷപ്പട്ടണിയിച്ചു. സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ജലഘോഷയാത്രയാണ് നാടിനാകെ ഉത്സവമായത്. നൂറുകണക്കിന് ബോട്ടുകളും കലാരൂപങ്ങളും അണിനിരന്നതോടെ പൂവാറിൽ ആഘോഷത്തിമിർപ്പായി. മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ പാർടിപ്രവർത്തകർ വൈകിട്ട് കായൽക്കരയിലെത്തി. മന്ത്രി പി എ മുഹമ്മദ് റിയാസ് ജലഘോഷയാത്ര ഫ്ലാഗ്‌ഓഫ് ചെയ്‌തു. ആർപ്പോ വിളികളിൽ സമ്മേളനത്തിന്റെ വരവറിഞ്ഞ് ഓളക്കൈയെറിഞ്ഞ് കായൽ മുദ്രാവാക്യം മുഴക്കി. പൂവാർ ബണ്ടിൽനിന്ന് പുറപ്പെട്ട മുന്നൂറോളം ബോട്ടുകൾ പൊഴിക്കരയിൽ സംഗമിച്ചു. കായലും കടലും കഥപറയുന്ന പൊഴിക്കരയിൽ ഘോഷയാത്രയെ സ്വീകരിക്കാനും നിരവധിയാളുകൾ ഒത്തുചേർന്നു. ചെങ്കൊടിയേന്തി ഒട്ടകപ്പുറമേറിയും ആളുകൾ ജാഥയെ വരവേൽക്കാനെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റിയംഗം ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് സുനിൽകുമാർ, എസ് പുഷ്‌പലത, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, ഏരിയ സെക്രട്ടറി എസ് അജിത്ത് തുടങ്ങിയവർ ജലഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ജെ ലോറൻസ് അധ്യക്ഷനായി. വണ്ടിത്തടം മധു, ബി ടി ബോബൻ കുമാർ, ശിജിത്ത് ശിവസ് എന്നിവർ സംസാരിച്ചു. തിരുവാതിരയും കളരിപ്പയറ്റം അരങ്ങേറി Read on deshabhimani.com