ഹോട്ടല്‍ മാലിന്യം ഓടയില്‍ തള്ളി വാഹനം പിടിച്ചെടുത്തു



തിരുവനന്തപുരം ഹോട്ടൽ മാലിന്യം മുട്ടത്തറ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കാതെ ഓടയിൽ തള്ളിയ വാഹനം കോർപറേഷൻ പിടികൂടി. ഹോട്ടലിന്റെ മറ്റൊരു ശാഖയുടെ പേരിൽ രജിസ്റ്റർ ചെയ്ത കക്കൂസ് മാലിന്യശേഖരണ വാഹനമാണ് പിടിച്ചെടുത്തത്. വാ​ഹനത്തില്‍ ഘടിപ്പിച്ച ജിപിഎസ് സംവിധാനം‌വഴിയാണ് പിടിവീണത്.    വെള്ളാറിലെ ഹോട്ടലിലെ മാലിന്യം റോഡരികിലെ ഓടയിലേക്ക്‌ ഒഴുക്കാനായിരുന്നു ശ്രമം. ജിപിഎസ് പരിശോധനയിൽ വാഹനത്തിന്റെ അനധികൃത സർവീസ് കോര്‍പറേഷന്‍ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നിയമപരമായ നടപടികൾ പൂർത്തിയാക്കി വാഹനം കലക്ടർക്ക് കൈമാറുമെന്ന് കോർപറേഷൻ ആരോ​ഗ്യവിഭാ​ഗം അറിയിച്ചു.    കക്കൂസ് മാലിന്യം മുട്ടത്തറ പ്ലാന്റിൽ എത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് രീതി. ഇതിന് 36 ടാങ്കറുകൾ സർവീസ് നടത്തുന്നുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും കോർപറേഷന്റെ സ്മാർ‌ട്ട് ട്രിവാൻഡ്രം ആപ്പിലൂടെയും smart t vm.tmc.ls gkerala.gov.in  ലൂടെയും കോൾ സെന്റർ വഴിയും നിശ്ചിത തുകയടച്ച് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ നിർദേശിക്കുന്ന സമയത്ത് വാഹനമെത്തി മാലിന്യമെടുക്കും. ചില ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്കും അനുമതിയുണ്ട്.  അവർ കോർപറേഷനുള്ള നിശ്ചിത ഫീസ് മാത്രം അടച്ച് മാലിന്യം മുട്ടത്തറയിലെത്തിച്ച് സംസ്‌കരിക്കണം.  ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് ഓടയിൽ‌ തള്ളാൻ ശ്രമിച്ചത്. നഗരത്തിലെ ചില ഹോട്ടലുകളും സ്ഥാപനങ്ങളും മലിനജലവും കക്കൂസ് മാലിന്യവും ഓടകളിലേക്ക് തള്ളുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. Read on deshabhimani.com

Related News