6 മാസം വളർച്ചയെത്തിയ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ
മംഗലപുരം പോത്തൻകോട് വാവറയമ്പലത്ത് ആറുമാസം വളർച്ചയെത്തിയ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ. വാഴറയിൽ സ്വകാര്യ പൈപ്പ് കമ്പനിയുടെ ഫാമിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശികളായ അമൃത–-ഗണേഷ് ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണിത്. ഒരാഴ്‌ച മുമ്പാണ് അമൃത ആശുപത്രിയിലെ ചികിത്സയ്‌ക്കുശേഷം വാവറയമ്പലത്തെ ഫാമിലെ വീട്ടിൽ എത്തിയത്. വെള്ളി രാത്രി എട്ടിനാണ് പ്രസവം. പ്രസവശേഷം ശനി രാവിലെ അമൃതയ്‌ക്ക് രക്തസ്രാവം ഉണ്ടായി. ഇതോടെ കഴക്കൂട്ടത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് പ്രസവവിവരം പുറത്തറിഞ്ഞത്. ആശുപത്രിയിലെ ഡോക്ടർമാർ വിവരമറിയിച്ചതിനെത്തുടർന്ന് പോത്തൻകോട് പൊലീസ് സ്വകാര്യ പൈപ്പ് കമ്പനിക്കുസമീപം ഇവർ താമസിച്ചിരുന്ന വീട്ടിൽ എത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽനിന്ന് കുഴിച്ചിട്ടനിലയിൽ മൃതദേഹം കണ്ടെതുകയായിരുന്നു. തിരുവനന്തപുരം സ്പെഷ്യൽ തഹസീൽദാർ സതീഷ്, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽ, പോത്തൻകോട് എസ്എച്ച്‌ഒ പ്രശാന്ത്, എസ് ഐ പി ആർ രാഹുൽ, പഞ്ചായത്ത് അംഗങ്ങളായ വർണ ലതീഷ്, അബിൻദാസ്, ഫോറൻസിക് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com