പോരാട്ടങ്ങൾ വാർത്തെടുത്ത 
തലസ്ഥാനം

സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം നടത്തിയ റെഡ് റൺ മാരത്തൺ തിരുവല്ലത്ത് സംസ്ഥാന കമ്മിറ്റി അംഗം ടിഎൻ സീമ ഫ്ലാഗ്ഓഫ് ചെയ്യുന്നു


തിരുവനന്തപുരം ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യൻകാളിയും അയ്യാ വൈകുണ്‌ഠരുമെല്ലാം നയിച്ച വഴികളിലൂടെ സഞ്ചരിക്കുന്ന തിരുവനന്തപുരത്തിന്‌ നിരവധി അവകാശ പോരാട്ടങ്ങളുടെ ചരിത്രമുണ്ട്‌. അടിസ്ഥാന വർഗങ്ങളെ ശക്തരാക്കി അവകാശങ്ങൾ നേടിയെടുക്കാൻ നിരവധി പോരാട്ടങ്ങളാണ്‌ കമ്യൂണിസ്‌റ്റുകാർ നടത്തിയത്‌. മുടവൻമുഗൾ മിച്ചഭൂമി സമരം, 1972 ലെ കയറുപിരി തൊഴിലാളികളുടെ സമരം, വിതുര പൊന്നാംചുണ്ട്‌ എസ്‌റ്റേറ്റിലെ തൊഴിലാളി സമരം തുടങ്ങിയവ അവയിൽ ചിലതുമാത്രം.     കാട്ടാക്കട ചന്തസമരം     അയിത്താചാരം ശക്തമായിരുന്ന കാലത്ത്‌ ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക്‌ കടയുടെ പിറകിൽവച്ച്‌ ചിരട്ടകളിലാണ്‌ ചായ നൽകിയിരുന്നത്‌. കമ്യൂണിസ്‌റ്റ് പാർടി പ്രവർത്തകർ നാട്ടുകാരെ സംഘടിപ്പിച്ച്‌ ഈ അനീതി ചോദ്യം ചെയ്‌തു. ദളിതരെയുംകൂട്ടി പാർടി പ്രവർത്തകർ ചായക്കടകളിൽ മുൻവശങ്ങളിലൂടെ കയറി, ഗ്ലാസിൽ ചായ ആവശ്യപ്പെട്ടു. വിറളിപൂണ്ട ഉടമകൾ 15 ദിവസത്തേക്ക് കടകൾ അടച്ചിട്ടു. മധ്യസ്ഥരുടെ ഇടപെടലിൽ ചിലർ കടതുറന്നു. എന്നാൽ, ആചാരലംഘനം അംഗീകരിക്കാൻ തയ്യാറാകാത്തവർ പുതിയ ഉപായം കണ്ടെത്തി. ദളിതർക്ക് മുൻവൻശത്തുകൂടി പ്രവേശിച്ച്‌ ഗ്ലാസിൽ ചായകുടിക്കാം. പക്ഷേ, ഉയർന്ന വിലനൽകണം. ഈ തന്ത്രം പൊളിക്കാൻ ദളിതരോട് കടകളിൽപ്പോയി ചായകുടിക്കാനും ആവശ്യമുള്ളത് വാങ്ങിക്കഴിക്കാനും ചായയ്‌ക്കുമാത്രം പൈസ നൽകാനും കമ്യൂണിസ്‌റ്റ് പാർടി ആഹ്വാനം ചെയ്തു. വീണ്ടും സംഘർഷാവസ്ഥയായി. കമ്യൂണിസ്‌റ്റുകാരുടെ പോരാട്ടവീര്യത്തിൽ ആചാരസംരക്ഷകർക്കും ജന്മിമാർക്കും കീഴടങ്ങേണ്ടിവന്നു. കാട്ടാക്കട ചന്തയിലെ കരാറുകാരുടെ പിരിവ് ചൂഷണത്തിനും അറുതിവരുത്തിയതും കമ്യൂണിസ്‌റ്റുകാരാണ്‌. പാർടി രഹസ്യയോഗം ചേർന്ന് വളന്റിയർ സംഘത്തെ സജ്ജരാക്കിയാണ്‌ ഇത് നേരിട്ടത്‌.   നൂറേക്കർ സമരം   കുടികിടപ്പുകാരായ നൂറോളം കുടുംബങ്ങളെ ഒഴിപ്പിക്കാൻ ജന്മി നടത്തിയ അക്രമവും പൊലീസിന്റെ പീഡനവും ചെറുത്തുതോൽപ്പിച്ച സമരമാണ്‌ വെമ്പായം തലയലിലെ ‘നൂറേക്കർ സമരം’. ജന്മിയുടെ അക്രമികൾ കുടിലുകൾ പൊളിക്കുകയും താമസക്കാരെ ആക്രമിക്കുകകയും ചെയ്‌തു. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ അക്രമത്തെ ചെറുത്തു. ഇരയായവരെ സംരക്ഷിച്ചു. പൊളിച്ച കുടിലുകൾ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുനർനിർമിച്ചു, പ്രവർത്തകർതന്നെ കാവലുംനിന്നു. മാണിക്കൽ, വെമ്പായം പഞ്ചായത്തുകളിലെ കുടികിടപ്പുകാർക്കും ഈ സമരം കരുത്ത്‌ പകർന്നു.    കാണിപ്പറ്റ് കർഷകസമരം   നെയ്യാറ്റിൻകര താലൂക്കിൽ മലയോരപ്രദേശങ്ങളിലെ തരിശുഭൂമി ശ്രീമൂലംതിരുനാൾ രാജാവിന്റെ കാലത്ത് ആദിവാസികൾക്ക്‌ കൃഷിചെയ്യാനും കുടിലുകെട്ടി താമസിക്കാനും നൽകിയിരുന്നു.  എന്നാൽ അമ്പൂരി പഞ്ചായത്തിലെ കോൺഗ്രസുകാരനായ ജന്മി ആദിവാസികളെ പറ്റിച്ച്‌ ഏക്കർ കണക്കിന് ഭൂമി കൈവശപ്പെടുത്തി. ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ബലപ്രയോഗവും തുടങ്ങിയതോടെ ആദിവാസികൾ കമ്യൂണിസ്റ്റ് പാർടിയെ ആശ്രയിച്ചു. പാർടിയുടെ നേതൃത്വത്തിൽ കാണിപ്പറ്റ് കർഷകസംഘം എന്ന സംഘടനയുണ്ടാക്കി. ഏറെനാൾ നീണ്ട സമരം സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റതോടെ സമരക്കാരെ ഭൂമിയുടെ അവകാശികളാക്കി.    ഞാറനീലി ആദിവാസി സമരം   നെടുമങ്ങാട് താലൂക്കിലെ മലയോര പ്രദേശങ്ങളായ ഞാറനീലി, പത്തുകാണി, ദൈവപ്പുര തുടങ്ങിയ പ്രദേശങ്ങളിലെ, വനത്തിൽ കൃഷിചെയ്‌ത്‌ ഉപജീവനം കണ്ടെത്തുന്ന കാണിക്കാരെ ചൂഷണത്തിൽനിന്ന്‌ രക്ഷിക്കുന്നതിനാണ്‌ ആദിവാസി സമരം സംഘടിപ്പിച്ചത്‌. ഇടനിലക്കാരുടെ ചൂഷണത്തിനെതിരെ ചെറുത്തുനിൽക്കാൻ ശ്രമിച്ചവരെ ഗുണ്ടകൾ മർദിക്കുന്നത്‌ പതിവായി. കമ്യൂണിസ്റ്റ് പാർടി ഇടപെട്ട്‌ ഗുണ്ടകളെ നേരിടാൻ 250 അംഗ വളന്റിയർ സംഘത്തെ നിയോഗിച്ചു. ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കി. സമരത്തിനുമുന്നിൽ വ്യാപാരികൾ കീഴടങ്ങി.   Read on deshabhimani.com

Related News