ഇന്ന് ചെങ്കൊടിയേറ്റം
കോവളം നവോത്ഥാന പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന, വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകിയ, വിപ്ലവകാരികൾ നെഞ്ചേറ്റിയ ചെങ്കൊടി ഇന്ന് വാനിലുയരും. തൊഴിലാളി വർഗത്തിന്റെ പോരാട്ടങ്ങൾക്ക് ഊടുംപാവും നെയ്‌ത ആനത്തലവട്ടം ആനന്ദന്റെ സ്മരണകളുറങ്ങുന്ന സ്മൃതികുടീരത്തിൽനിന്നുള്ള പതാകയും തിരുവല്ലം ശിവരാജന്റെ ഓർമകൾ തുടിക്കുന്ന സ്മൃതികുടീരത്തിൽ നിന്നെത്തിക്കുന്ന കൊടിമരവും രക്തസാക്ഷികളുടെയും മൺമറഞ്ഞ നേതാക്കളുടെയും സ്മരണകുടീരങ്ങളിൽനിന്ന് കൊളുത്തുന്ന ദീപശിഖകളും വെള്ളി വൈകിട്ട് പൊതുസമ്മേളന നഗരിയായ വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറിൽ സംഗമിക്കുന്നതോടെ സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കമാകും. പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർപേഴ്സൺ ടി എൻ സീമ പതാക ഉയർത്തും. ശനി രാവിലെ ഒമ്പതിന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (കോവളം ജി വി രാജ കൺവൻഷൻ സെന്റർ) പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ചിറയിൻകീഴിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽനിന്നാണ് പതാകജാഥ പ്രയാണമാരംഭിക്കുക. ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു ക്യാപ്റ്റനും ആർ സുഭാഷ് മാനേജരുമായ ജാഥ ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്യും. തിരുവല്ലം ശിവരാജൻ സ്മൃതി മണ്ഡപത്തിൽനിന്നാണ് കൊടിമരജാഥ ആരംഭിക്കുന്നത്. ജില്ലാ സെക്രട്ടറിയറ്റംഗം എസ് പുഷ്പലത ക്യാപ്റ്റനും എസ് കെ പ്രീജ മാനേജരുമായ ജാഥ ജില്ലാ സെക്രട്ടറിയറ്റംഗം കെ സി വിക്രമൻ ഉദ്‌ഘാടനം ചെയ്യും. 17 ഏരിയ കേന്ദ്രങ്ങളിൽനിന്നുള്ള ദീപശിഖകളും പൊതുസമ്മേളന നഗരിയിലെത്തും. രക്തസാക്ഷി മണ്ഡപങ്ങളിൽനിന്നും കഴിഞ്ഞകാലങ്ങളിൽ പാർടിയെ നയിച്ച നേതാക്കളുടെ സ്‌മൃതികുടീരങ്ങളിൽനിന്നുമാണ് ദീപശിഖകളെത്തുക. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങളേറ്റുവാങ്ങിയാകും ജാഥകളുടെ പ്രയാണം. 19 ഏരിയയിൽനിന്നുള്ള 439 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ടി എം തോമസ് ഐസക്, കെ കെ ശൈലജ, എ കെ ബാലൻ, കെ രാധാകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. ഉദ്‌ഘാടനശേഷം ജില്ലാ സെക്രട്ടറി വി ജോയി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് റിപ്പോർട്ടിന്മേൽ ചർച്ചയാരംഭിക്കും. സമ്മേളനത്തിന് സമാപനംകുറിച്ച് 23ന് പകൽ 2.30ന് ആഴാകുളത്തുനിന്ന് വിഴിഞ്ഞത്തേക്ക് ചുവപ്പുസേനാ മാർച്ചും അഞ്ച് ഏരിയകൾ കേന്ദ്രീകരിച്ചുള്ള ബഹുജനറാലിയും നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com