മാധ്യമ രാഷ്ട്രീയം തുറന്നുകാട്ടി ‘മാധ്യമങ്ങളുടെ വർത്തമാനം’
തിരുവനന്തപുരം വർത്തമാനകാല മാധ്യമങ്ങളുടെ രാഷ്ട്രീയവും നിലപാടുകളും ചർച്ചചെയ്‌ത് ‘മാധ്യമങ്ങളുടെ വർത്തമാനം’. കോർപറേറ്റുവൽക്കരണവും ചങ്ങാത്ത മുതലാളിത്തവും കടന്ന് മാധ്യമങ്ങൾ രാജ്യഭരണമേറ്റെടുക്കുന്ന കാലത്തേക്ക് മാറിയെന്ന് സെമിനാർ വിലയിരുത്തി. സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് സെമിനാർ സംഘടിപ്പിച്ചത്. മാധ്യമരംഗത്തെ ഒറ്റപ്പെട്ട ശബ്ദങ്ങളെപ്പോലും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കേന്ദ്രസർക്കാരും സംഘപരിവാറും അടിച്ചമർത്തിയെന്ന് ഉദ്‌ഘാടകനായ മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണൻ പറഞ്ഞു. മാധ്യമ അവതരണത്തിൽ അസന്തലുതാവസ്ഥ വളരുകയാണ്. ഭരണഘടന വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിലെ ചർച്ചകൾ ഭൂരിഭാഗവും സാധാരണ വായനക്കാരനും പ്രേക്ഷകനും അറിയാതെ പോയത് ഇക്കാരണത്താലാണ്. ഗ്രാമീണ വാർത്തകൾ കേവലം 0.67 ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഏകാധിപതികൾക്ക് മുന്നിൽ ഏറ്റവുമാദ്യം കീഴടങ്ങിയ വർഗമായി മാധ്യമങ്ങൾ മാറിയെന്ന് എം വി നികേഷ്‌കുമാർ പറഞ്ഞു. മാധ്യമ മുതലാളിമാർ രാജ്യഭരണം ഏറ്റെടുക്കുന്ന ലോകസാഹചര്യമാണുള്ളത്. ട്രംപിനെ മുൻനിർത്തി അമേരിക്ക ഭരിക്കുന്നത് ഇലോൺ മസ്കാണ്. ഇന്ത്യയിലെ മസ്കായി അദാനി മാറിയെന്നും നികേഷ്‌കുമാർ പറഞ്ഞു. ലോകത്ത് മാധ്യമസ്വാതന്ത്ര്യം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ കൂപ്പുകുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ ചെന്നൈ റസിഡന്റ് എഡിറ്റർ അരുൺ റാം പറഞ്ഞു. 180 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 159 ആണ്. പാകിസ്ഥാൻപോലും ഇതിന് മുകളിലാണ്. അന്തിച്ചർച്ചയാണ് ജേർണലിസമെന്ന ചിന്തയിലേക്ക് യുവതലമുറ എത്തിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ മാർക്കറ്റിന് മുന്നിൽ കീഴടങ്ങിയതായി മാതൃഭൂമി ടിവി റീജണൽ ചീഫ് മാർഷൽ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. വാർത്തകൾ കച്ചവടവൽക്കരിക്കപ്പെടുകയാണ്. പ്രേക്ഷകർ താൽപ്പര്യപ്പെടുന്ന വാർത്തയെന്ന മാർക്കറ്റ് താൽപ്പര്യത്തിന് മാധ്യമപ്രവർത്തകർ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റുകളുടെ കാവൽനായ്‌ക്കളായി മാധ്യമങ്ങൾ മാറിയെന്ന് സെമിനാറിൽ മോഡറേറ്ററായ ആർ പാർവതീദേവി പറഞ്ഞു. വായനക്കാരുടെ അവകാശം സംരക്ഷിക്കാൻ മാധ്യമങ്ങൾക്കാകുന്നില്ലെന്നും അവർ പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഡോ. ടി എൻ സീമ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, ഏരിയ സെക്രട്ടറി എസ് അജിത്ത്, ശിജിത്ത് ശിവസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com