മുതലപ്പൊഴിയിൽ 2 അപകടം; 
9 തൊഴിലാളികളെ രക്ഷപ്പെടുത്തി



ചിറയിൻകീഴ് മുതലപ്പൊഴിയിൽ ശനി രാവിലെയും വൈകിട്ടുമായി നടന്ന രണ്ട് അപകടത്തിൽ ഒമ്പത് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ശക്തമായ തിരയിൽപ്പെട്ട്‌ വള്ളങ്ങൾ മറിയുകയായിരുന്നു. രാവിലെ 10.15 ഓടെയായിരുന്നു ആദ്യ അപകടം.  പൂത്തുറ സ്വദേശി ജിജു ദേവസ്യയുടെ വിശുദ്ധ അന്തോണീസ് എന്ന വള്ളമാണ്‌ അഴിമുഖ ചാനലിലെ ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന പൂത്തുറ, പെരുമാതുറ സ്വദേശികളായ പത്രോസ്, ഇർഷാദ് എന്നീ രണ്ട് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ യോഹന്നാന്റെ  ഉടമസ്ഥതയിലുള്ള സെന്റ്‌ ആന്റണിയെന്ന വള്ളമാണ് വൈകിട്ട് 6.30ന്‌ മറിഞ്ഞത്. മീൻപിടിത്തം കഴിഞ്ഞ് ഹാർബറിലേക്ക് മടങ്ങവെ  കവാടത്തിലെ ശക്തമായ തിരയിൽപ്പെട്ട്‌  മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ റാഫേൽ, സച്ചിൻ, ജേക്കബ്, സ്റ്റെഫിൻ, വിബിൻ, ജെനീഷ്, ജിബു എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.  മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്‌മെന്റിന്റെ രക്ഷാപ്രവർത്തകരും ചേർന്ന് അപകടത്തിൽപ്പെട്ട ഏഴു തൊഴിലാളികളെയും രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല. വള്ളത്തിലുണ്ടായിരുന്ന മീനും വലയുമുൾപ്പെടെ നഷ്ടമായി. വള്ളങ്ങളും കരയ്ക്കെത്തിച്ചു. വള്ളത്തിന് സാരമായി കേടുപാടുകൾ സംഭവിച്ചു.  മുതലപ്പൊഴിയിൽ ഈ മാസം നടക്കുന്ന ഏട്ടാമത്തെ അപകടമാണ് ഇത്‌. Read on deshabhimani.com

Related News