നാശത്തിന്റെ വക്കിൽ പഴഞ്ചിറ കുളം

പഴഞ്ചിറ കുളം


ചിറയിൻകീഴ് ജൈവ വൈവിധ്യങ്ങളുടെ കലവറയായ പഴഞ്ചിറ കുളം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കണമെന്നാവശ്യം ശക്തം. ചിറയിൻകീഴ് പഞ്ചായത്തിലെ മേൽകടയ്ക്കാവൂരിൽ 8.75 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന കുളം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുവർഷം മുമ്പ്‌ അമൃത സരോവർ പദ്ധതി പ്രകാരം എംജി എൻആർഇജിഎസ് വഴി പഞ്ചായത്ത് നവീകരണപ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും തുടർപ്രവർത്തനങ്ങൾ നിലച്ചതോടെ ചുറ്റിലും കാടുകയറി പായൽ പിടിച്ച നിലയിലായി.  കുളം നവീകരിക്കുന്നതിനായി നബാർഡുവഴി 5 കോടി രൂപ കേന്ദ്രധനസഹായം ലഭ്യമാക്കുന്നതിനായി ഒരുവർഷം മുമ്പ്‌ പഞ്ചായത്ത് പദ്ധതി തയ്യാറാക്കി സമർപ്പിച്ചെങ്കിലും നാളിതുവരെ ധനസഹായം ലഭ്യമായിട്ടില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ കുളത്തിലെ വ്യത്യസ്‌തങ്ങളായ സസ്യ, ജീവിവർഗങ്ങളെപ്പറ്റിയും ജലസമ്പത്തിനെക്കുറിച്ചും സമഗ്രവും ആധികാരികവുമായ യാതൊരു രേഖപ്പെടുത്തലുകളും വർഷങ്ങളായി നടത്തിയിരുന്നില്ല. ഇതേ തുടർന്ന് കേരള ജൈവ വൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ഒരു വർഷം മുമ്പ്‌ കുളത്തിന്റെയും അനുബന്ധ മേഖലയുടെയും പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും തുടർപ്രവർത്തനങ്ങളുണ്ടായില്ല.  നൂറ്റാണ്ടുകൾക്കുമുമ്പ്‌ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് നിർമിക്കപ്പെട്ട കുളത്തിന്റെ അടിഭാഗത്ത് തടികൾ നിരത്തിയ ശേഷം തടിക്കുമുകളിൽ കക്ക നിരത്തി വെള്ളം നിറച്ചാണ് നിർമാണം പൂർത്തീകരിച്ചതെന്നാണ് ചരിത്രരേഖകൾ. വർഷങ്ങൾക്കിപ്പുറം കുളം വൃത്തിയാക്കുന്നതിനായി കരാറെടുത്തയാൾ കുളത്തിനടിയിൽ നിക്ഷേപിച്ചിരുന്ന തടികളുൾപ്പെടെ കടത്തിക്കൊണ്ടുപോയതായി നാട്ടുകാർ പറയുന്നു. കടുത്തവേനലിലുൾപ്പെടെ പ്രദേശത്തെ കിണറുകളിലും കൃഷിയിടങ്ങളിലും ശുദ്ധജലം ലഭിക്കുന്നതിൽ വലിയപങ്ക് കുളത്തിനുണ്ട്. കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്നതിനായി കുളത്തിനോട് ചേർന്ന് സ്ഥാപിച്ച പമ്പ് ഹൗസും നിലംപൊത്താറായ അവസ്ഥയിലാണ്‌. Read on deshabhimani.com

Related News