കളറായി ഇ എം എസ് പാർക്ക് പാലം
തിരുവനന്തപുരം പല ക്രമത്തിലും നിറങ്ങളിലുമുള്ള ഇല്യൂമിനേഷനുകൾ ഇനി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപമുള്ള ഇ എം എസ് പാർക്ക് പാലത്തിൽ വർണവിസ്മയം തീർക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കി ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലുടനീളമുള്ള പ്രധാന നഗര ഇടങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച നഗര സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നവീകരണം. പൊതുമരാമത്ത് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കോർപറേഷന്റെ പൂർണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേശീയപതാകയടക്കം പത്ത് തീമുകളോടെയാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്. വിശേഷദിവസങ്ങളിൽ അതിനനുസരിച്ച് പാലത്തിൽ വർണവിളക്കുകൾ തെളിയും. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ സ്‌മാർട്ട് സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. 3.20 കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് ലിമിറ്റഡിന്റെ (കെൽ) നേതൃത്വത്തിലാണ് വിളക്കുകൾ സ്ഥാപിച്ചത്. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ, മേയർ എസ് ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, സ്ഥിരംസമിതി അധ്യക്ഷൻ മേടയിൽ വിക്രമൻ, കൗൺസിലർ ഡി ആർ അനിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com